സെൻസസ് 2021 ഡിജിറ്റലെന്ന് അമിത് ഷാ; ജനസംഖ്യാ കണക്കെടുക്കാൻ മൊബൈൽ ആപ്പ്

By Web TeamFirst Published Sep 23, 2019, 6:07 PM IST
Highlights
  • സെൻസസ് 2021 ൽ വിവരശേഖരണം നടത്താൻ മൊബൈൽ ആപ്പ് ഉപയോഗിക്കും
  • സെൻസസ് 2021 ന്റെ ആദ്യ ഘട്ടം അടുത്ത വർഷം ആരംഭിക്കും
  • ദേശീയ ജനസംഖ്യാ രജിസ്റ്ററും സെൻസസ് 2021 ന് ഒപ്പം തയ്യാറാക്കും

ദില്ലി: പത്ത് വർഷത്തിലൊരിക്കൽ ഇന്ത്യയിൽ നടക്കുന്ന സെൻസസ് ഡിജിറ്റലാക്കുന്നു. 2021 ൽ നടക്കാനിരിക്കുന്ന സെൻസസിന് മൊബൈൽ ആപ് ഉപയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ദില്ലിയിൽ വ്യക്തമാക്കി. വീടുകൾ തോറും കയറിയിറങ്ങി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയിരുന്ന പഴയ രീതിക്കാണ് ഇതോടെ അവസാനമാകുന്നത്.

"സെൻസസ് 2021 ന് വേണ്ടി മൊബൈൽ ആപ്പ് ഉപയോഗിക്കും. ഇത് പേപ്പർ സെൻസസിൽ നിന്ന് ഡിജിറ്റൽ സെൻസസിലേക്കുള്ള മാറ്റമായിരിക്കും," സെൻസസ് അതോറിറ്റിക്കായി പണികഴിപ്പിക്കുന്ന പുതിയ കെട്ടിടമായ ജൻഗണന ഭവന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച ശേഷം അമിത് ഷാ പറഞ്ഞു.

ഇന്ത്യയിൽ 1860 ലാണ് ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. 2021 ലേത് ഈ നിരയിലെ 16ാമത്തെ ജനസംഖ്യാ കണക്കെടുപ്പാണ്. 60 ഓളം ചോദ്യങ്ങളാണ് ഇതിൽ ഫണ്ടാവുക. വീട്ടിലെ സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യുതി സ്രോതസ്സുകൾ, മതം, ജോലി, കുടുംബത്തിൽ സംസാരിക്കുന്ന ഭാഷ ഇവയെല്ലാം ഇതിൽ ഉണ്ടായിരിക്കും. 

സ്കൂൾ അദ്ധ്യാപകരുടെ ഫോണിൽ ഈ ആപ്ലിക്കേഷൻ ഉൾപ്പെടുത്തിയ ശേഷം ഇവരിലൂടെ വിവര ശേഖരണം നടത്താനാണ് തീരുമാനം. ഇതിന് ശേഷം പൗരത്വ രേഖ വിതരണം ചെയ്യുന്നതിനുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും ഇതോടൊപ്പം പുതുക്കും. ജനസംഖ്യാ കണക്കെടുക്കാൻ വേണ്ടി 27 ലക്ഷം പേരെ ആവശ്യമായി വരുമെന്നാണ് നിഗമനം.

മൊബൈൽ ആപ്പ് ഉപയോഗിക്കുമ്പോൾ ശേഖരിച്ച വിവരങ്ങൾ വേഗത്തിൽ കൈമാറാനും അവ അവലോകനം ചെയ്യാനും സാധിക്കും. ഫലം ഉടൻ തന്നെ ലഭിക്കുമെന്നാണ് സെൻസസ് അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഇതോടെ ഇതിലുണ്ടാകുന്ന മാസങ്ങളുടെ കാലതാമസം ഒഴിവാക്കാനാവും.

രണ്ട് ഘട്ടമായുള്ള സെൻസസിന്റെ ആദ്യഘട്ടം അടുത്ത മാസം നടക്കും. ഉദ്യോഗസ്ഥർ വീടുകൾ തോറും കയറിയിറങ്ങി ഇവിടെയുള്ള സൗകര്യങ്ങളും മറ്റും രേഖപ്പെടുത്തും. ആറ് മാസം കൂടി കഴിഞ്ഞ ശേഷം തലയെണ്ണൽ നടക്കും. ഇക്കുറി ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ വ്യക്തിയുടെ ജനന തീയ്യതി, അച്ഛന്റെ പേര്, വിലാസം എന്നിവയ്ക്ക് പുറമെ ആധാർ നമ്പർ, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ, ഇൻകം ടാക്സ് പാൻ കാർഡ് നമ്പർ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നമ്പർ എന്നിവയും നൽകേണ്ടി വരുമെന്നാണ് വിവരം.  
 

click me!