ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് വീണ്ടും കേന്ദ്രസർക്കാർ, പാലിക്കാമെന്ന് കോൺഗ്രസ്

Published : Dec 23, 2022, 12:02 PM ISTUpdated : Dec 23, 2022, 12:20 PM IST
ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് വീണ്ടും കേന്ദ്രസർക്കാർ, പാലിക്കാമെന്ന് കോൺഗ്രസ്

Synopsis

ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയില്‍ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകുന്നത്

ദില്ലി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമർഷമെന്ന് കനയ്യ കുമാറും വിമർശിച്ചു.

മാസ്ക് നിർബന്ധമാക്കുകയാണെങ്കിൽ അനുസരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ സാഹചര്യത്തെ അട്ടിമറിക്കാനില്ല. ജോഡോ യാത്രയിലുള്ള എല്ലാവരും നാളെ മുതൽ മാസ്ക് ധരിക്കും. ഇന്ന് കുറച്ച് പേർ മാസ്ക് വച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി നോട്ടീസ് നൽകുമെന്ന് മുൻകൂട്ടി അറിഞ്ഞില്ല. എല്ലാവരുടെയും കൈയിൽ മാസ്ക് ഇല്ലായിരുന്നു. സാമൂഹിക അകലം പാലിക്കണമെങ്കിൽ അങ്ങനെയും ചെയ്യാം. വിവാദം അനാവശ്യമെന്നും ജയറാം രമേശ് പറഞ്ഞു.

എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട് ഒരു മാർഗനിർദ്ദേശമോ, പെരുമാറ്റചട്ടമോ നിലവിൽ ഇല്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ചൈനയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നത് നാടകമാണ്. ഭാരത് ജോഡോ യാത്രയെ ദില്ലിയിൽ കയറ്റാതിരിക്കാനുള്ള അടവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ ഭാരത് ജോഡോ യാത്ര നിർത്തി വയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷിയും, അനുരാഗ് താക്കൂറും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയില്‍ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകുന്നത്. ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്ററാണ് ഇന്നത്തെ ഭാരത് ജോഡോ യാത്രാ പര്യടനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ്  ഇപ്പോള്‍ യാത്ര പുരോഗമിക്കുന്നത്.  കൊവിഡിന്‍റെ പേരില്‍ അനാവശ്യ ഭീതി പരത്തി ഭാരത് ജോഡോ യാത്ര നിര്‍ത്തി വയ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

അതേസമയം വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി രാജ്യത്തെ ജാഗ്രത കൂട്ടുകയാണ് കേന്ദ്രസർക്കാർ. അന്താരാഷ്ട്ര യാത്രക്കാരിൽ  ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും  സാധ്യതയുണ്ട്. കഴിഞ്ഞദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്