ബഫര്‍ സോണ്‍: സുപ്രിം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ ?

Published : Dec 23, 2022, 10:16 AM ISTUpdated : Dec 23, 2022, 10:22 AM IST
 ബഫര്‍ സോണ്‍: സുപ്രിം കോടതിയില്‍ ഇതുവരെ സംഭവിച്ചതെന്തൊക്കെ ?

Synopsis

ബഫർസോൺ വിധി നടപ്പാക്കുമ്പോള്‍ ഓരോ സ്ഥലത്തെയും യഥാര്‍ത്ഥ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ പരിസ്ഥിതി  ബെഞ്ച്  ഡിസംബറിൽ നിരീക്ഷിക്കുകയും ചെയ്തു. 


സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ എന്ന സുപ്രീം കോടതിയുടെ വിധി വന്നത് ഈ വർഷം ജൂൺ മൂന്നിനാണ്. വനസംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ മുന്നിലുള്ള ടി എന്‍ ഗോദവര്‍മന്‍ തിരുമുല്‍പാടിന്‍റെ ഹര്‍ജിയിലായിരുന്നു സുപ്രധാന വിധി. വിധി വന്നപ്പോൾ തന്നെ കേരളത്തിൽ ഇത് വലിയ ജനകീയ പ്രതിഷേധത്തിന് വഴിവെക്കുകയും വിഷയത്തിൽ കേരളത്തിന്‍റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനം പുനഃപരിശോധനാ ഹർജി നൽകുകയും ചെയ്തു. 

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ദശാബ്ദങ്ങളായി വികസിച്ചു വന്ന ജനവാസ മേഖലയാണ് ഉള്ളതെന്നും വിധി നടപ്പാക്കുന്നത് ആദിവാസി മേഖലകളെ അടക്കം ബാധിക്കുമെന്നും ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടി. പതിനേഴ് വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയതാണ്. എന്നാല്‍, സുപ്രീംകോടതി ഇത് കണക്കിലെടുത്തില്ലെന്നും കേരളം പുനഃപരിശോധനാ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:  എരുമേലിയിലെ ജനവാസപ്രദേശങ്ങൾ വനമേഖലയെന്ന് പുതിയ ഭൂപടത്തിലും, വൻ പ്രതിഷേധം, വനംവകുപ്പ് ബോർഡ് പിഴുതെറിഞ്ഞു

23 വന്യജീവി സങ്കേതങ്ങൾ ഉള്ളതിനാലാണ് കേരളം ഈക്കാര്യം എല്ലാം ഉൾപ്പെടുത്തി ഒറ്റ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ ഷൊങ്കർ രാജയാണ് പുനഃപരിശോധനാ ഹർജി നൽകിയത്. പുനഃപരിശോധന ഹർജി കോടതി പരിഗണിക്കുമ്പോൾ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാകും ഹാജരാകുക. ഇതിനിടെ വിധിയിൽ വ്യക്തത തേടി പല സംസ്ഥാനങ്ങളിൽ നിന്നും ഒരോ സ്ഥലത്തെയും പ്രാദേശിക വിഷയങ്ങൾ ഉൾപ്പെടുത്തി ഹർജികൾ എത്തിയിരുന്നു. ഇതിൽ മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചില ഹർജികളിൽ കോടതി അനൂകൂല തീരുമാനവും എടുത്തിരുന്നു. 

ബഫർസോൺ വിധി നടപ്പാക്കുമ്പോള്‍ ഓരോ സ്ഥലത്തെയും യഥാര്‍ത്ഥ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ പരിസ്ഥിതി  ബെഞ്ച്  ഡിസംബറിൽ നിരീക്ഷിക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷിക്കണം എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എന്നാല്‍ അതിന്‍റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാത്രമല്ല ബഫർ സോൺ വിധിയിൽ നിന്ന് അന്തിമ വിജ്ഞാപനം വരാത്ത വന്യജീവി സങ്കേതങ്ങളെ ഒഴിവാക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിച്ച് കേസിലെ അമിക്കസ് ക്യൂറിയും സോളിസിറ്റർ ജനറലും നിലപാട് കോടതിയെ അറിയിക്കാനും നിർദ്ദേശം നൽകി.

ഈക്കാര്യത്തിൽ കേരളത്തിന് അനൂകൂലമാകുന്ന തീരുമാനമാണ് ഉണ്ടായതെന്നാണ് വിവരം. ഇത് കോടതി അംഗീകരിച്ചാൽ അത് കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ളവർക്ക് ആശ്വാസമാകും, കേരളം സമർപ്പിച്ച പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് നടത്തിയ ഉപഗ്രഹ സർവേ വലിയ വിവാദങ്ങൾ വരുത്തി വച്ചിട്ടുണ്ട്. എന്നാൽ, ഇത് അധികാരിക രേഖയായി കേരളം കോടതിയിൽ സമർപ്പിക്കില്ലെന്നാണ് ലഭ്യമായ വിവരം. സമർപ്പിച്ചാൽ അത് പ്രാഥമിക വിവരമായി കണക്കണമെന്നും തുടർപഠനങ്ങൾ നടത്തുകയാണെന്നും കോടതിയെ അറിയിക്കുമെന്നും സംസ്ഥാന സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ബഫർ സോണിൽ കേന്ദ്ര സർക്കരിന്‍റെ ഹർജിയാണ് വരുന്ന ജനുവരി പതിനൊന്നിന് കോടതിക്ക് മുന്നിൽ എത്തുന്നത്. അന്ന് ഈക്കാര്യത്തിൽ ഒരു വ്യക്തത കോടതിയിൽ നിന്നുണ്ടായേക്കുമെന്നാണ് നിയമ വൃത്തങ്ങൾ പറയുന്നത്.

കഴിഞ്ഞ ദിവസം ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാണ് സര്‍ക്കാറിന്‍റെയും താത്പര്യമെന്ന് അറിയിച്ച് വനം മന്ത്രി എ കെ ശശീന്ദ്രനും റവന്യൂ മന്ത്രി കെ രാജനും രംഗത്തെത്തിയിരുന്നു. എന്നാല്‍, കേരളത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ പ്രത്യേകിച്ചും വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ജനവാസമേഖലയിലെല്ലാം ഇന്നും ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്നും പ്രത്യക്ഷ സമര പരിപാടികള്‍ അരങ്ങേറുകയാണ്. 

കൂടുതല്‍ വായനയ്ക്ക്:  ബഫർസോൺ : സർക്കാരിന് മുന്നിൽ പരാതി പ്രളയം, ഇത് വരെ കിട്ടിയത് 12000ലേറെ പരാതികൾ

കൂടുതല്‍ വായനയ്ക്ക്:  'മണ്ണാർക്കാട് നഗരസഭ ഉൾപ്പെടില്ല'; സൈലന്‍റ് വാലിക്ക് ചുറ്റുമുള്ള ബഫർ സോണിന്‍റെ ആകാശ സർവേയിൽ പിഴവെന്ന് ഡിഎഫ്ഒ 



 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും