
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്. കൊവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തിൽ പ്രതിരോധ നടപടികളിൽ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.
രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ ആകെ എണ്ണത്തില്‍ നാല്‍പത്ത് മൂന്ന് ശതമാനം പേരും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരിട്ടിയും.... രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം ഇപ്പോൾ രോഗവ്യാപനത്തിലാണ് മുന്നിൽ. ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്ന വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയത്തിൻ്റേത്.
ഓണാഘോഷത്തിന് പിന്നാലെ തുടങ്ങിയ രോഗവ്യാപന തോത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിന്മടങ്ങായെന്നാണ് കണക്ക് കൂട്ടല്‍. നേരത്തെ രണ്ട് തവണ കേന്ദ്രസംഘം ഇതുമായി ബന്ധപ്പട്ട വിലയിരുത്തലുകള്‍ക്കായി കേരളത്തിലെത്തിയിരുന്നെങ്കിലും സ്ഥിതി ഇത്രത്തോളം ഗുരുതരമായിരുന്നില്ല. ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ദില്ലി ലേഡി ഹാര്‍ഡിംഗം ആശുപത്രിയിലെ വിദഗ്ധരും കേന്ദ്രസംഘത്തിലുണ്ടാകും.ഒരാഴ്ചക്കുള്ളില്‍ സംഘം സംസ്ഥാനത്തെത്തും.
നേരത്തെ രോഗ വ്യാപനത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മഹാരാഷ്ട്ര ആക്ടീവ് കേസുകളില്‍ ഇപ്പോള്‍ കേരളത്തിന് പിന്നിലാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 25 ശതമാനമാണ് മഹാരാഷ്ട്രയിലുള്ളത്. കൊവിഡ് വ്യാപനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ രോഗവ്യാപന പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ 3.67 ശതമാനം കേസുകളും, കര്‍ണ്ണാടകത്തില്‍ 3.64 ശതമാനം കേസുകളും,പശ്ചിമബംഗാളില്‍ 3.38 ശതമാനം കേസുകളേ നിലവിലുള്ളൂ. കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് കൂട്ടല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam