ആശ്വാസമേകി കേന്ദ്ര സര്‍ക്കാര്‍; ഇഎസ്ഐ വിഹിതം വെട്ടിക്കുറച്ചു, തൊഴിലുടമകള്‍ക്ക് ലാഭം 5000 കോടി

By Web TeamFirst Published Jun 13, 2019, 11:10 PM IST
Highlights

തൊഴിലുടമ വിഹിതം  4.75 ശതമാനത്തില്‍നിന്ന് 3.25 ശതമാനമാക്കിയും തൊഴിലാളി വിഹിതം 1.75 ശതമാനത്തില്‍നിന്ന് 0.75 ശതമാനമാക്കിയുമാണ് കുറച്ചത്. 

ദില്ലി: തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇഎസ്ഐ(എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) തൊഴിലാളി വിഹിതം 6.5 ശതമാനത്തില്‍നിന്ന് നാല് ശതമാനമാക്കി കുറച്ചു. തൊഴിലുടമ വിഹിതം  4.75 ശതമാനത്തില്‍നിന്ന് 3.25 ശതമാനമാക്കിയും തൊഴിലാളി വിഹിതം 1.75 ശതമാനത്തില്‍നിന്ന് 0.75 ശതമാനമാക്കിയുമാണ് കുറച്ചത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിക്ഷേപ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് വിഹിതം വെട്ടിച്ചുരുക്കിയത്.  3.6 കോടി തൊഴിലാളികള്‍ക്കും 12.5 കോടി തൊഴില്‍ദാതാക്കള്‍ക്കും നിരക്ക് കുറച്ചത് ആശ്വാസമാകും.

ഏകദേശം 5000 കോടി രൂപ തൊഴിലുടമകള്‍ക്ക് ലാഭിക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 22,279 കോടി രൂപയാണ് ഇഎസ്ഐ കോര്‍പറേഷന് വിഹിതമായി ലഭിച്ചത്. ഇഎസ്ഐ വിഹിതം കുറക്കുന്നതിലൂടെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ നേട്ടമാണെന്നും വളര്‍ച്ചക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ചികിത്സ, പ്രസവം, അംഗവൈകല്യം എന്നിവ ഇഎസ്ഐ പരിരക്ഷയില്‍ ഉള്‍പ്പെടുന്നു.ഇഎസ്ഐ നിയമപ്രകാരം തൊഴിലാളിയും തൊഴിലുടമയും അവരുടെ വിഹിതം അടക്കണം. കേന്ദ്ര സര്‍ക്കാറാണ് നിരക്ക് നിശ്ചയിക്കുക. ഇഎസ്ഐ പരിരക്ഷ കൂടുതല്‍ പേര്‍ക്ക് ലഭിക്കുന്നതിനായി 2017 ജനുവരി ഒന്നുമുതല്‍ ശമ്പള പരിധി 21000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. 
 

click me!