Latest Videos

പൗരത്വ ഭേദഗതി നിയമം ഒരു ദോഷവും ചെയ്യാത്തതെന്ന് കേന്ദ്രസർക്കാർ; വാദം സുപ്രീം കോടതിയിൽ

By Web TeamFirst Published Oct 31, 2022, 9:29 AM IST
Highlights

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അനധികൃത കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല നിയമമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് വീണ്ടും കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിലാണ് നിയമത്തെ പിന്തുണച്ചും ന്യായീകരിച്ചുമുള്ള നിലപാട് കേന്ദ്രസർക്കാർ എടുത്തത്. ആർക്കും യാതൊരു വിധ ദോഷവും ചെയ്യാത്തതാണ് പൗരത്വ ഭേദഗതി നിയമമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

പൗരത്വ ഭേദതഗതി നിയമം നിർദോഷകരമായ നിയമനിർമ്മാണമെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന വാദം. നിയമം ഭരണഘടനാ വിരുദ്ധമല്ല. ഇന്ത്യയിലെ ഒരു പൗരൻ്റെയും അവകാശം കവർന്നെടുക്കുന്നതല്ല ഈ നിയമമെന്നും പതിറ്റാണ്ടാകളായി രാജ്യം നേരിട്ടു കൊണ്ടിരുന്ന പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമാണിത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അനധികൃത കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല നിയമമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

പൗരത്വ നിയമ ഭേദഗതി ബില്ലിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഹർജി പരിഗണിച്ച കോടതി വിശദ വാദങ്ങളിൽ പരിഗണിക്കേണ്ട വിഷയങ്ങൾ എഴുതി നൽകാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഹർജികൾ ഭരണഘടന ബെഞ്ചിന് വിടണോ എന്നതും ഇന്ന് പരിഗണിക്കും. ബില്ലിനെതിരായ ഇരുന്നൂറോളം പൊതു താല്പര്യ ഹർജികൾ കോടതിക്ക് മുന്നിലുണ്ട്. മുസ്ലീം ലീഗും, കോൺഗ്രസ് നേതാവ് ജയ്റാം രമേശും ഉൾപ്പടെ നിരവധി സംഘടനകളും, വ്യക്തികളും കേന്ദ്ര സർക്കാരിന്റെ നിയമത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജികൾ പരിഗണിക്കുന്നത്.
 

click me!