ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിനുള്ള പുതിയ മാർഗനിർദ്ദേശം ഇന്ന് പുറത്തിറക്കിയേക്കും

By Web TeamFirst Published Apr 13, 2020, 7:12 AM IST
Highlights

രോഗനിയന്ത്രിത മേഖലകളിൽ നിയന്ത്രിത ബസ് സർവ്വീസിന് അനുമതി നൽകിയേക്കും എന്നു സൂചന

ദില്ലി: ഏപ്രിൽ 14-ന് അവസാനിക്കുന്ന ദേശീയ ലോക്ക് ഡൗൺ നീട്ടുന്നതിനുള്ള പുതിയ മ‍ാ‍​ർ​ഗനി‍ർദേശം ഇന്നു കേന്ദ്രസ‍ർക്കാ‍‍ർ പുറത്തിറക്കിയേക്കും. മാ‍ർച്ച് 24-ന് പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗൺ ഏപ്രിൽ 14-നാണ് അർധരാത്രിയാണ് അവസാനിക്കുന്നത്. എന്നാൽ ഇന്ത്യയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന് വിവിധ സംസ്ഥാന  സർക്കാരുകളും വിദ​ഗ്ദ്ദരും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ കേന്ദ്രം ഒരുങ്ങുന്നത്.   

ജനജീവിതം പൂർണ്ണമായി സ്തംഭിക്കാതെയുള്ള നയമാകും പ്രഖ്യാപിക്കുകയെന്ന സൂചന നൽകിയ പ്രധാനമന്ത്രി ഇന്നോ നാളയോ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. ലോക്ക് ഡൗൺ മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനായി വ്യവസായ മേഖലകൾ ഭാഗികമായി തുറക്കും  എന്നാണ് സൂചന. കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർക്കും അവസരം നൽകിയേക്കും. 

തീവണ്ടി,വിമാന സർവ്വീസുകൾ അനുവദിക്കില്ലെങ്കിലും രോഗനിയന്ത്രിത മേഖലകളിൽ നിയന്ത്രിത ബസ് സർവ്വീസിന് അനുമതി നൽകിയേക്കും കേന്ദ്രമന്ത്രിമാരുടെയും, ജോയിന്റ് സെക്രട്ടറിമാരുടെയും ഓഫീസുകളിൽ മൂന്നിലൊന്ന് ജീവനക്കാർ ഇന്ന് മുതൽ എത്തി തുടങ്ങും. അതേസമയം കൊവിഡിൽ രാജ്യത്ത് 273 പേർ മരിച്ചതായും 8447 പേർക്ക് രോഗം ബാധിച്ചതായുമാണ് ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തിറക്കിയ കണക്കിൽ വ്യക്തമാക്കുന്നത്. 
 

click me!