
ദില്ലി: സംസ്ഥാന ബജറ്റ് ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്നതിനെ കേന്ദ്രസർക്കാർ തടഞ്ഞെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ്, ആം ആദ്മി പാർട്ടി സർക്കാരിന്റെ പരസ്യങ്ങൾക്കായി ചെലവാക്കിയ തുക സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച ഒരു സ്വകാര്യ ചാനൽ പരിപാടിയിലാണ് അരവിന്ദ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. ബജറ്റ് അവതരണം ചൊവ്വാഴ്ച ഉണ്ടാവില്ലെന്നും അതിന് കാരണം കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു സർക്കാരിന്റെ ബജറ്റ് അവതരണം ഇങ്ങനെ തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അടിസ്ഥാന സൗകര്യവികസനത്തിന് ചെലവാക്കിയതിലും അധികം തുക സർക്കാർ പരസ്യങ്ങൾക്കായി ചെലവഴിച്ചതു സംബന്ധിച്ചാണ് ദില്ലി സർക്കാരിനോട് വിശദീകരണം തേടിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം ലഭിക്കുന്നതുവരെ ബജറ്റ് അവതരണത്തിനുള്ള അനുമതി തടഞ്ഞുവച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നയിക്കുന്ന ആശങ്കകൾ അപ്രസക്തമാണെന്ന് ദില്ലി ധനമന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു. ദില്ലി സർക്കാരിന്റെ അടുത്ത വർഷത്തെ ബജറ്റ് അട്ടിമറിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. 2023 മാർച്ച് 17നാണ് ചീഫ് സെക്രട്ടറിക്ക് ദില്ലി സർക്കാരിന്റെ ബജറ്റിൽ ആശങ്കകൾ പ്രകടിപ്പിച്ച് ആഭ്യന്തര മന്ത്രാലയം കത്തയച്ചത്. ദുരൂഹമായ കാരണങ്ങളാൽ, ദില്ലി ചീഫ് സെക്രട്ടറി കത്ത് 3 ദിവസത്തേക്ക് മറച്ചുവച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഞാൻ കത്തിനെക്കുറിച്ച് അറിഞ്ഞത്. കത്ത് അടങ്ങിയ ഫയൽ ഇന്ന് വൈകുന്നേരം 6 മണിക്ക് മാത്രമാണ് എനിക്ക് ഔദ്യോഗികമായി നൽകിയത്, അതായത് ദില്ലി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസം. കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു. ബജറ്റ് വൈകിപ്പിക്കുന്നതിൽ ദില്ലി ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നും കൈലാഷ് ഗഹ്‌ലോട്ട് ആവശ്യപ്പെട്ടു.
Read Also: ഇന്ത്യൻ കോൺസുലേറ്റിലെ ഖലിസ്ഥാൻ വാദികളുടെ അതിക്രമം; യു എസ് പ്രതിനിധികളെ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam