ദില്ലിയിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി കേന്ദ്രം, ആറ് ലക്ഷം ആൻ്റിജൻ പരിശോധന നടത്തും

By Web TeamFirst Published Jun 18, 2020, 5:17 PM IST
Highlights

ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് ദില്ലിയില്‍ ദ്രുതപരിശോധന കൂട്ടാനുള്ള തീരുമാനമെടുത്തത്. വേഗത്തില്‍ ഫലം ലഭിക്കുന്ന റാപ്പിഡ് ആന്‍റിജന്‍ പരിശോധനയ്ക്കാണ് കേന്ദ്രം ഒരുങ്ങുന്നത്.

ദില്ലി: രാജ്യ തലസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ഇടപെടലുമായി കേന്ദ്രം. വരും ദിവസങ്ങളില്‍ ആറുലക്ഷം ആന്‍റിജന്‍  പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് ദില്ലിയില്‍ ദ്രുതപരിശോധന കൂട്ടാനുള്ള തീരുമാനമെടുത്തത്. വേഗത്തില്‍ ഫലം ലഭിക്കുന്ന റാപ്പിഡ് ആന്‍റിജന്‍ പരിശോധനയ്ക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. അതിനായി 169 കേന്ദ്രങ്ങള്‍ ദില്ലിയില്‍ സജ്ജമാക്കും. കൊവിഡ് പരിശോധനാ ഫീസ് 4500 -ല്‍ നിന്ന് 2400 ആയി കുറയ്ക്കുകയും ചെയ്തു. അഞ്ഞൂറ് വെന്‍റിലേറ്ററുകളും 650 ആംബുലന്‍സുകളും ദില്ലിയ്ക്ക് നല്‍കുമെന്നും
ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊവിഡ് രോഗികളുയരുന്നതിനിടെ മുന്നണിപ്പോരാളികള്‍ രോഗബാധിതരാവുന്ന പ്രതിസന്ധിയിലാണ് ദില്ലി സര്‍ക്കാര്‍. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന് ശ്വാസതടസ്സമുള്ളതിനാല്‍ ഓക്സിജന്‍ സഹായം നല്‍കുന്നുണ്ട്. തിങ്കഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച നടത്തിയ രണ്ടാം പരിശോധനയിലാണ്  ആരോഗ്യ മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. 

രോഗം സ്ഥിരീകരിച്ച കല്‍ക്കാജി എംഎല്‍എ അതിഷി മെര്‍ലെന വീട്ടില്‍ വിശ്രമത്തിലാണ്. കരോള്‍ ബാഗ്, പട്ടേല്‍ നഗര്‍ എംഎല്‍എമാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.  മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും ഉപദേശകര്‍ക്കും
കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

click me!