
ദില്ലി: മണിപ്പൂരിലെ കൂട്ടബലാൽസംഗത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന മുതലക്കണ്ണീരാണെന്നാണ് ഒരു ഇംഗ്ളീഷ് പത്രം ചിത്രീകരിച്ചത്. 75 ദിവസങ്ങൾക്ക് ശേഷമുള്ള നരേന്ദ്ര മോദിയുടെ വാക്കുകൾ മണിപ്പൂരിലെ സ്ഥിതിയിൽ ഒരു മാറ്റത്തിനും ഇടയാക്കിയിട്ടില്ല. കൂട്ട ബലാൽസംഗങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സ്ത്രീസുരക്ഷയ്ക്കായി പദ്ധതികൾ നടപ്പാക്കിയെന്ന് അവകാശപ്പെട്ട മോദി സർക്കാരിനും മുഖം നഷ്ടപ്പെടുകയാണ്. ബലാൽസംഗക്കേസുകളിൽ എല്ലാം പരാതിയും എഫ്ഐആറും ഉണ്ടായിട്ടും സംസ്ഥാനസർക്കാരും മണിപ്പൂരിന്‍റെ ക്രമസമാധാന ചുമതല പരോക്ഷമായി ഏറ്റെടുത്ത കേന്ദ്രവും അക്രമികൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. വിഡിയോ പുറത്തു വന്നതിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക രോഷമാണ് മോദി സർക്കാർ നേരിടുന്നത്. ഈ രോഷം കണ്ടില്ലെന്ന് നടിക്കരുത് എന്ന നിലപാട് പല ബിജെപി നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
വിഡിയോ പുറത്തുവന്നത് ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിലപാടിനോട് നാഗാ പീപ്പിൾസ് ഫ്രണ്ട് പോലുള്ള ബിജെപിയുടെ സഖ്യകക്ഷികൾക്കും വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് മണിപ്പൂരിൽ രജിസ്റ്റർ ചെയത് ആറായിരം കേസുകൾ അടിയന്തരമായി പരിശോധിക്കാനുള്ള നിർദ്ദേശം കേന്ദ്രം നല്കിയത്. ദേശീയ വനിത കമ്മീഷൻ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കു മേലും സമ്മർദ്ദം ശക്തമാകുകയാണ്.
കോടതി ഇടപെടുന്നത് സ്ഥിതി സങ്കീർണ്ണമാക്കും എന്ന് ചൂണ്ടിക്കാട്ടി മാറി നിന്ന ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇപ്പോൾ കർശന നിലപാടിലേക്ക് വന്നിട്ടുണ്ട്. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത പരാമർശം കോടതിയിൽ നിന്നുണ്ടാവുമോ എന്ന ആശങ്ക ബിജെപി നേതാക്കൾക്കുണ്ട്. പറഞ്ഞു കേട്ടിരുന്ന കേന്ദ്ര മന്ത്രിസഭ പുനസംഘടന പോലും മാറ്റി വച്ച് രാഷ്ട്രീയ തിരിച്ചടി മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് തല്ക്കാലം നരേന്ദ്ര മോദി സർക്കാർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam