ഐടി മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം; കേന്ദ്രസർക്കാരിനും ട്വിറ്ററിനും ഇടയിലെ പോരിന് പുതിയ മാനം

By Web TeamFirst Published Jun 25, 2021, 9:24 PM IST
Highlights

തന്‍റെ അക്കൗണ്ട് ലോക്ക് ചെയ്ത പോലുള്ള നടപടികൾ തുടരാനാണ് സാമൂഹ്യമാധ്യമ മാർഗ്ഗനിർദ്ദേശം ട്വിറ്റർ അംഗീകരിക്കാത്ത് എന്ന് മന്ത്രി ആരോപിക്കുന്നു. അതായത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നത് ട്വിറ്റർ തന്നെയാണ് എന്ന് തെളിയിക്കാനുള്ള ശ്രമം. 

ദില്ലി: ഐടി മന്ത്രിയുടെ അക്കൗണ്ട് തന്നെ ട്വിറ്റർ ലോക്ക് ചെയ്തതോടെ സാമൂഹ്യമാധ്യമങ്ങൾക്കും കേന്ദ്രസർക്കാരിനും ഇടയിലെ പോര് പുതിയ മാനങ്ങളിലേക്ക് കടക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളെ സർക്കാർ സമ്മർദ്ദത്തിലാക്കുന്നു എന്ന ആരോപണം നേരിടുന്ന സർക്കാർ ട്വിറ്ററിനെ പ്രതിക്കൂട്ടിലാക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ എന്താക്കെ ശ്രമിച്ചാലും അവർക്ക് ഐടി മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്ന് മാറി നില്‍ക്കാനാവില്ല. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്നായിരുന്നു രവിശങ്കർ പ്രസാദിന്‍റെ ഇന്നത്തെ ട്വീറ്റുകളിലെ ഒരുഭാഗം.

അതായത് തന്‍റെ അക്കൗണ്ട് ലോക്ക് ചെയ്ത വിഷയവും കേന്ദ്രസർക്കാർ നയം ശക്തമായി നടപ്പാക്കാൻ മന്ത്രി ആയുധമാക്കുന്നു. ട്വിറ്ററിന് നോട്ടീസുകൾ നല്‍കിയതോടെയാണ് സർക്കാരിനും ഈ ജനപ്രിയ സാമൂഹികമാധ്യമത്തിനും ഇടയിലെ പോര് തുടങ്ങിയത്. പിന്നീട് ട്വിറ്ററിനെതിരെ യുപി പൊലീസ് ഒരു വീഡിയോയുടെ പേരിൽ കേസെടുത്തു. കർണ്ണാടക ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. ആദ്യം ശീതസമരമായും പിന്നീട് നിയമപോരാട്ടമായും മാറിയ തർക്കം ഇപ്പോൾ തുറന്ന പോരായി മാറുന്നു. രാജ്യാന്തര രംഗത്തെ പിൻബലം ഉപയോഗിച്ച് സർക്കാരിന്‍റെ നീക്കങ്ങളെ നേരിടുക എന്നതാണ് ട്വിറ്ററിന്‍റെ തന്ത്രം. 

തന്‍റെ അക്കൗണ്ട് ലോക്ക് ചെയ്ത പോലുള്ള നടപടികൾ തുടരാനാണ് സാമൂഹ്യമാധ്യമ മാർഗ്ഗനിർദ്ദേശം ട്വിറ്റർ അംഗീകരിക്കാത്ത് എന്ന് മന്ത്രി ആരോപിക്കുന്നു. അതായത് അഭിപ്രായ സ്വാതന്ത്ര്യം തടയുന്നത് ട്വിറ്റർ തന്നെയാണ് എന്ന് തെളിയിക്കാനുള്ള ശ്രമം. സർക്കാർ ചെലുത്തുന്ന സമ്മർദ്ദം ന്യായമെന്ന രാഷ്ട്രീയ സന്ദേശം നല്‍കുന്ന നീക്കം. വിദേശരാജ്യങ്ങളോ അന്താരാഷ്ട്ര സംഘടനകളോ ഇടപെടുന്ന തരത്തിലുള്ള തർക്കമായി ഇത് വികസിക്കാനുള്ള സാധ്യത തുറന്നിടുന്നതാണ് ട്വിറ്റിറിനും മന്ത്രിക്കുമിടയിലെ ഇന്നത്തെ സംഭവവികാസങ്ങൾ. 

click me!