ആദ്യ വനിതാ ചീഫ് ജസ്റ്റിസിന് സാധ്യത തെളിയുന്നു; സുപ്രീം കോടതിയിലേക്ക് 9 ജഡ്ജിമാരുടെ ശുപാർശ കേന്ദ്രം അംഗീകരിച്ചു

By Web TeamFirst Published Aug 26, 2021, 8:19 AM IST
Highlights

2027ൽ ജസ്റ്റിസ് ബി വി നാഗരത്നയാകും ആദ്യ വനിത ചീഫ് ജസ്റ്റിസ് ആവുക. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല തൃവേദി എന്നിവരാണ് പട്ടികയിലെ മറ്റ് വനിത ജഡ്ജിമാർ.

ദില്ലി: സുപ്രീംകോടതിയിലേക്ക് പുതിയ ഒമ്പത് ജഡ്ജിമാരുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. പേരുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. മൂന്ന് വനിതകൾ ഉൾപ്പെടെയാണ് ഒമ്പത് പേരെ കൊളീജിയം ശുപാർശ ചെയ്തിരുന്നത്. ശുപാർശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ്. 

2027ൽ ജസ്റ്റിസ് ബി വി നാഗരത്നയാകും ആദ്യ വനിത ചീഫ് ജസ്റ്റിസ് ആവുക. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല തൃവേദി എന്നിവരാണ് പട്ടികയിലെ മറ്റ് വനിത ജഡ്ജിമാർ. സുപ്രീംകോടതി സീനിയർ അഭിഭാഷകൻ പി എസ് നരസിംഹയും ജഡ്ജിമാരുടെ പട്ടികയിലുണ്ട്. 

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി എന്നിവരും സുപ്രീകോടതിയിലേക്ക് വരികയാണ്. ഒരു ജഡ്ജിക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡി ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആന്ധ്രഹൈക്കോടതിയിൽ നിന്ന് സിംക്കിംഗ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജഡ്ജിയായിരുന്നു ജസ്റ്റിസ് ജെ കെ മഹേശ്വരി. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് വനിത ജഡ്ജിമാരിൽ ജസ്റ്റിസ് ഹിമ കോലിയെ സുപ്രീംകോടതിയിലേക്ക് കൊണ്ടുവരുന്നത്. 

സീനിയോറിറ്റി പ്രകാരം സുപ്രീംകോടതി ജഡ്ജിയാകേണ്ട തൃപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ കൊളീജിയം ഇത്തവണയും പരിഗണിച്ചിരുന്നില്ല. സൊറാബുദ്ദീൻഷേക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത്ഷായെ പൊലീസ് കസ്റ്റഡിയിൽ വിട്ട ജസ്റ്റിസ് ഖുറേഷിയെ മാറ്റി നിര്‍ത്തുന്നതിൽ മുമ്പ് കൊളീജിയത്തിന്‍റെ ഭാഗമായിരുന്ന ജസ്റ്റിസ് റോഹിന്‍റൻ നരിമാൻ പ്രതിഷേധിച്ചിരുന്നു. റൊഹിൻടൺ നരിമാൻ വിരമിച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് ഖുറേഷിയെ ഒഴിവാക്കി 9 പേരുടെ പട്ടിക കൊളീജിയം തയ്യാറാക്കി നൽകിയത്. 

click me!