ഇന്ധനവിലയില്‍ രാഷ്ട്രീയം പാടില്ലെന്ന് കേന്ദ്രം; വില കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥന

By Web TeamFirst Published Nov 6, 2021, 8:48 AM IST
Highlights

എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചത്. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. 

ദില്ലി: ഇന്ധനവിലയിൽ (Petrol, diesel)  രാഷ്ട്രീയ പാടില്ലെന്ന് കേന്ദ്രം (central government). വില കുറയ്ക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും വീണ്ടും അഭ്യർത്ഥിക്കുകയാണ്. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം. എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറിച്ചത്. എൻഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തീരുമാനം പിന്തുടർന്നു. 

എന്നാൽ മൂല്യവർധിത നികുതി കുറക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ. പെട്രോളിന് ഉയർന്ന വിലയുള്ള മഹാരാഷ്ട്രയിൽ സർക്കാർ അടിയന്തരമായി നികുതി കുറയ്ക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം ശക്തമാക്കുകയാണ്. എന്നാൽ ആശ്വാസം പകരാനുള്ള കേന്ദ്രസർക്കാർ തീരുമാനം ആത്മാർത്ഥമാണെങ്കിൽ ഇരുപത്തിയഞ്ചോ അൻപതോ രൂപ എങ്കിലും കുറക്കണണമെന്ന് ശിവസേന പ്രതികരിച്ചു. 

ബംഗാളിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാനമായ സമ്മർദ്ദം ബിജെപി ഉയർത്തുന്നുണ്ട്. പതിനെട്ട് മാസത്തിനിടെ മാത്രം 35 രൂപയുടെ വ‍ർധന പെട്രോളിനും 26 രൂപയുടെ വർധന ഡീസിലിനും ഉണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ അ‍ഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ. ബിജെപിയുടെ സമ്മർദ്ദത്തിന് വഴങ്ങി നികുതി കുറക്കേണ്ടന്ന നിലപാട് ആണ് പൊതുവേ എല്ലാ പ്രതിപക്ഷ പാർട്ടികളുടേതും. 

നിലവിൽ എൻഡിഎ ഇതര സംസ്ഥാനങ്ങളിൽ ഒഡീഷ മാത്രമേ മൂല്യവർധിത നികുതി കുറക്കാൻ തയ്യാറായിട്ടുള്ളു. ഇന്ധന വില വർധനയിൽ ജനവികാരം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചിരുന്ന പ്രതിപക്ഷത്തെ അതേ വിഷയത്തിൽ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞുവെന്നാണ് ബിജെപി വിലിയിരുത്തൽ. എന്നാൽ ഭൂരിഭാഗം നഗരങ്ങളിലും ഇപ്പോഴും പെട്രോളിന് നൂറിന് മുകളിൽ തന്നെയാണ് വിലയെന്നത് കേന്ദ്രസർക്കാരിനും ആശ്വാസകരമല്ല. 

പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് വരുന്ന മാസങ്ങളില്‍ കുതിച്ചുയരുമെന്നാണ് ഊര്‍ജ്ജ വിദഗ്ധരുടെ അഭിപ്രായം. ഉപഭോഗം കൂടിയതുകൊണ്ടാണ് കേന്ദ്രം എക്‌സൈസ് നികുതിയില്‍ ഇളവ് വരുത്തിയതെന്നും ഊര്‍ജ്ജ രംഗത്തെ വിദഗ്ധന്‍ നരേന്ദ്ര തനേജ അഭിപ്രായപ്പെട്ടു. ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' പെട്രോളിയം പ്രധാനപ്പെട്ട ഉല്‍പ്പന്നമാണ്. ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന 86 ശതമാനവും ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലാണ്. പെട്രോളിനും ഡീസലിനും വില ഏതെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. 2010 ജൂലൈയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരും 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാരും യഥാക്രമം പെട്രോള്‍ ഡീസല്‍ വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടു.'- അദ്ദേഹം പറഞ്ഞു.

click me!