Latest Videos

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്ത 28 ശതമാനമാക്കി ഉയര്‍ത്തി

By Web TeamFirst Published Jul 14, 2021, 4:35 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയാണ് ക്ഷാമബത്ത ഉയര്‍ത്തിയത്.

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 17ൽ നിന്ന് 28 ശതമാനമായി കൂട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജൂലായ്  ഒന്ന് മുതലാകും പുതുക്കിയ ക്ഷാമബത്ത നിലവിൽ വരിക. 54,000 കോടി രൂപയുടെ മൃഗസംരക്ഷണ-ക്ഷീരവികസന പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 23 ശതമാനമാക്കിയെങ്കിലും കൊവിഡ് പശ്ചാതലത്തിൽ അത് നൽകിയില്ല. മാത്രമല്ല, ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരുന്നു. ഇപ്പോൾ ക്ഷാമബത്ത  17 ൽ നിന്ന്  28 ആക്കി. 11 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് കേന്ദ്ര മന്ത്രിസഭ വരുത്തിയത്. അടുത്തമാസം കിട്ടുന്ന ശമ്പളത്തിനൊപ്പം പുതുക്കിയ ക്ഷാമബത്ത ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ലഭിക്കും. രാജ്യത്തെ 50 ലക്ഷം ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും നേട്ടമാകും മന്ത്രിസഭ തീരുമാനം.

ദേശീയ ആയുഷ് മിഷൻ പദ്ധതി 2026 വരെ തുടരാനും 12,000 പുതിയ ആയുഷ് കേന്ദ്രങ്ങൾ തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. 4607 കോടി രൂപ ഇതിനായി നീക്കിവെക്കും. കോടതികളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 9000 കോടി രൂപയുടെ പദ്ധതിക്കും  ക്ഷീരമേഖലയിലെ വികസനത്തിനും മൃഗസംരക്ഷണത്തിനുമായി 54618 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡിയടക്കം ഈ പദ്ധതിയുടെ ഭാഗമായി നൽകും.
 

click me!