ഇറ്റാലിയൻ നാവികർക്ക് എതിരായ കേസ് അവസാനിപ്പിക്കുന്നു, അപേക്ഷ നൽകി കേന്ദ്രം

By Web TeamFirst Published Jul 3, 2020, 6:53 PM IST
Highlights

 നാവികർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ചെങ്കിലും ഇന്ത്യയിലെ കോടതികൾക്ക് ഈ കേസിൽ തീർപ്പ് കൽപിക്കാനുള്ള  അധികാരം ഇല്ലെന്നാണ് അന്താരാഷ്ട്ര കോടതിയുടെ നീരീക്ഷണം.

ദില്ലി: കടൽക്കൊല കേസ് അവസാനിപ്പിക്കാൻ കേന്ദ്ര സ‍ർക്കാർ തീരുമാനിച്ചു. അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയുടെ തീർപ്പ് അംഗീകരിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നാവികരെ ഇന്ത്യയിൽ വിചാരണ ചെയ്യാൻ കഴിയില്ല എന്ന ഉത്തരവിനെതിരെ അപ്പീൽ സാധ്യതയില്ലെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം. കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികരെ വിചാരണ ചെയ്യാൻ ഇന്ത്യയിലെ കോടതികൾക്ക് ആവില്ലെന്ന ഇറ്റലിയുടെ വാദം  അന്താരാഷ്ട്ര തർക്കപരിഹാര കോടതി അംഗീകരിച്ചിരുന്നു. 

നാവികരെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തതിന് അംഗീകാരം നൽകിയെങ്കിലും ഇവർക്ക് നയതന്ത്ര പരിരക്ക്ഷയുണ്ട് എന്ന് കോടതി വിധിക്കുകയായിരുന്നു. അന്താരാഷ്ട്ര കോടതിയിലെ നടപടികൾ തുടരുന്നതിനാൽ ഇത് സംബന്ധിച്ച സുപ്രീംകോടതിയിലെ കേസ് നേരത്തേ മരവിപ്പിച്ചിരുന്നു. അന്താരാഷ്ട്ര കോടതി വിധി ഇന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര കൺവൻഷനിൽ ഇന്ത്യയും പങ്കാളിയാണെന്നിരിക്കെ ഇപ്പോഴത്തെ തീർപ്പിനെതിരെ അപ്പീൽ നൽകാനാവില്ല എന്നും കേന്ദ്രം നൽകിയ റിപ്പോർട്ടിൽ പറയുന്നു.

നഷ്ടപരിഹാരത്തിന് ഇന്ത്യക്ക് അർഹതയുണ്ട് എന്നാണ് അന്താരാഷ്ട്ര കോടതിയുടെ തീർപ്പ്. ഇതിനായുള്ള നടപടി സ്വീകരിക്കും. എന്നാൽ ഈ വിഷയത്തിൽ സുപ്രീം കോടതിയൽ ഉള്ള കേസ് അന്താരാഷ്ട്ര വിധിയുടെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫലത്തിൽ നാവികർക്ക് എതിരായുള്ള ഇന്ത്യയിലെ നടപടികൾ എല്ലാം തന്നെ കേന്ദ്രം അവസാനിപ്പിക്കുകയാണ്. കേന്ദ്രത്തിന്‍റെ അപേക്ഷയിൽ സുപ്രീംകോടതി പിന്നീട് തീരുമാനം പറയും. 

2012 ലാണ് ഇറ്റലിയൻ കപ്പലായ ഇൻട്രിക്കാ ലക്സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കപ്പൽ കരയിലേക്ക് എത്തിച്ച കേരള പൊലീസ് നാവികരായ സാൽവത്തോർ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നീ ഇറ്റാലിയൻ നാവികരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരായ കേസ് നിയമ തർക്കങ്ങൾക്കൊടുവിൽ അന്താരാഷ്ട്ര തർക്ക പരിഹാര കോടതിയില്‍ എത്തുകയായിരുന്നു. 

click me!