
ദില്ലി: കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സർക്കാർ അവലോകന യോഗം വിളിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പുണെയിലും ഒമിക്രോണിന്‍റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ദില്ലിയിൽ ടിപിആർ ഏഴ് ശതമാനത്തിന് മുകളിലെത്തി.
അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ സൗജന്യമായി വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നല്‍കുകയാണ്. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 12.53 കോടിയിൽ അധികം (12,53,04,250) കൊവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും പിഐബി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam