
ദില്ലി: ബഫർസോൺ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാകാതെ കേന്ദ്രം മുഖം തിരിക്കുന്നുവെന്ന് കേരളം. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫർസോണായി പ്രഖ്യാപിച്ച സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ ആശങ്കയേറ്റുന്നതാണ് കേന്ദ്ര നിലപാട്. വിധിയില്‍ ആശങ്കയുള്ള സംസ്ഥാനങ്ങൾ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതർ പറയുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന തുടരുകയാണ്. വിധി മറികടക്കാന്‍ കേന്ദ്രം നിയമനിർമാണം നടത്തണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ച് കേരള നിയമസഭ പ്രമേയവും പാസാക്കിയിരുന്നു.
എന്നാല്‍ ആശങ്കകൾ പരിഹരിക്കുമെന്ന് പറയുമ്പോഴും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടികാഴ്ചയ്ക്ക് കേന്ദ്രം തയ്യാറാകുന്നില്ല. അതേസമയം കേരള ചീഫ് സെക്രട്ടറി തന്നോട് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ പ്രതികരണം. ബഫർസോൺ വിധി സംസ്ഥാനത്ത് വലിയ ആശങ്കയും പ്രതിഷേധവും ഉയർത്തുമ്പോൾ പന്ത് അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. പശ്ചിമഘട്ട കരട് വിജ്ഞാപനുമായി ബന്ധപ്പട്ട് ചീഫ് സെക്രട്ടറിമാരുമായി ജൂലൈ 11ന് കേന്ദ്രം നടത്തുന്ന ചർച്ചയിലെങ്കിലും തുടർ നടപടികളുമായി ബന്ധപ്പെട്ട് ഒരു വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam