
ദില്ലി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തെ അനൂകൂലിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ (supreme court). നിയമത്തിനെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കണ്ടെന്നാണ് കേന്ദ്രത്തിന്‍റെ വാദം. രാജ്യദ്രോഹകുറ്റം നിലനിൽക്കുമെന്ന1962 ലെ കേദാർനാഥ് കേസിലെ വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ല. കേദാർനാഥ് കേസിൽ രാജ്യദ്രോഹത്തിൻ്റെ നിയമസാധുത കോടതി മുൻപ് പരിഗണിച്ചതാണ്, അതിനാൽ വീണ്ടും മൂന്നംഗ ബെഞ്ച് ഇത് പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം കോടതിയിൽ വാദം എഴുതി നൽകി. ചൊവ്വാഴ്ച സുപ്രീം കോടതി വിശാല ബഞ്ച് കേസിൽ വാദം കേൾക്കും.
രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യാഴാഴ്ച്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ സ്വീകരിച്ചത്. രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam