കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാകാമെന്ന് കേന്ദ്രം; സഹായവാഗ്ദാനവുമായി ദില്ലി സര്‍ക്കാര്‍

By Web TeamFirst Published Nov 27, 2020, 6:59 PM IST
Highlights

ദില്ലി ഹരിയാന അതിർത്തിയായ സിംഗുവുൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു

ദില്ലി: കാർഷിക പരിഷ്‍കരണ നിയമത്തിനെതിരെ കർഷകർ പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്രം ചര്‍ച്ചയ്ക്കൊരുങ്ങുന്നു. ഡിസംബർ മൂന്നിന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്ന് കേന്ദ്രം വ്യക്തമാക്കി. സമരം ഉപേക്ഷിക്കണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. ബുറാഡിയിൽ എത്തുന്ന കർഷകർക്ക് എല്ലാ സഹായങ്ങളും വാഗ്‍ദാനം ചെയ്യുമെന്ന് ദില്ലി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിനായി എത്തുന്ന കർഷകർക്ക് വെള്ളവും, ശുചി മുറികളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും. മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ തുടങ്ങിയ കർഷകരുടെ ദില്ലി ചലോ മാർച്ച് രണ്ടാം ദിനം വലിയ സംഘര്‍ഷങ്ങള്‍ക്കാണ് വഴിവെച്ചത്. 

ദില്ലി ഹരിയാന അതിർത്തിയായ സിംഗുവുൽ എത്തിയ കർഷകർക്ക‌് നേരെ രാവിലെ മുതൽ പലതവണ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആദ്യമൊക്കെ അല്‍പ്പം പുറകോട്ടുമാറിയ കർഷകർ പിന്നീട് ശക്തമായി തിരിച്ചുവരുന്ന കാഴ്ചയായിരുന്നു. ഉച്ചക്ക് ശേഷം രണ്ടുമണിയോടെ കർഷകർ പൊലീസ് ബാരിക്കേഡുകൾക്ക് അരുകിലേക്ക് ഇരച്ചുനീങ്ങി. ബാരിക്കേഡുകളും കോൺക്രീറ്റ് പാളികളും തള്ളിമാറ്റി പൊലീസിന് നേരെ നീങ്ങിയതോടെ ഒരു മണിക്കൂറോളം ദില്ലി-ഹരിയാന അതിർത്തി യുദ്ധക്കളമായി. സമരക്കാർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചതോടെ പൊലീസിന് കല്ലേറ് തുടങ്ങി. പൊലീസും തിരിച്ച് കല്ലെറിഞ്ഞു. ഇതിനിടെ റോഡിന് കുറുകെ പൊലീസ് നിർത്തിയിട്ട മണ്ണ് നിറച്ച ഒരു ട്രക് സമരക്കാർ കയ്യടക്കി.

ട്രക്ക് ഉപയോഗിച്ച് ബാരിക്കേഡുകൾ ഇടിച്ചുനിരത്തി. ഒരു പൊലീസ് വാഹനം ഇടിച്ചുനീക്കി പൊലീസുകാർക്ക് നേരെ തിരിച്ചുവിട്ടു. പൊലീസ് വലയത്തിലേക്ക് എത്തിയവർക്ക് നേരെ ലാത്തിച്ചാർജും തുടങ്ങി. പൊലീസും കർഷകരും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടലായി. മൂന്ന് മണിയോടെ സംഘർഷം അയഞ്ഞു. ഇതോടെ അനുനയ നീക്കവുമായി പൊലീസ് എത്തി. കർഷകരെ ദില്ലിയിലേക്ക് കടത്തിവിടം പക്ഷെ സമരം പാർലമെന്‍റിന് പരിസരത്തോ, രാംലീല മൈതാനിയിലോ നടത്തുന്നതിന് പകരം വടക്കൻ ദില്ലിയിലെ ബുറാഡിയിൽ നടത്തണമെന്ന് പൊലീസ് നിർദേശം മുന്നോട്ട്‍വെച്ചു. 

ഇതംഗീകരിച്ച് ദില്ലിയിലേക്ക് കയറുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു. ബുറാഡിയിൽ നിന്ന് തുടർ സമരങ്ങൾ ആലോചിക്കും. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകരെല്ലാം എത്തിയിരിക്കുന്നത്. ബുറാഡിയിൽ  എത്തുന്ന കർഷകർക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ദില്ലി സർക്കാർ പറഞ്ഞു. സമരത്തിനായി എത്തുന്ന കർഷകർക്ക് വെള്ളവും, ശുചി മുറികളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കും. 

click me!