കൊവിഡ് പ്രതിരോധ വാക്സിൻ; മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

By Web TeamFirst Published Oct 21, 2020, 3:43 PM IST
Highlights

എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള നടപടികൾ സജ്ജമാണെന്ന്  ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. വാക്സിന്റെ ശേഖരണം, സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങൾക്കുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു.

ദില്ലി: കൊവിഡ് പ്രതിരോധ വാക്സിനേഷനുള്ള മുൻഗണനപട്ടിക തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. ആദ്യഘട്ടം വാക്‌സിന്‍ നല്‍കാനുള്ള മൂന്ന് കോടി ആളുകളുടെ പട്ടികയാണ് തയ്യാറാക്കിയത്. ഡോക്ടര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ കൊവിഡ് പ്രതിരോധത്തിന്‍റെ മുന്നണി പോരാളികൾക്കാകും മുന്‍ഗണനയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ എത്തിക്കാനുള്ള നടപടികൾ സജ്ജമാണെന്ന് ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. വാക്സിൻ്റെ ശേഖരണം, സംഭരണം, വിതരണം അടക്കമുള്ള കാര്യങ്ങൾക്കുള്ള പദ്ധതി തയ്യാറായിക്കഴിഞ്ഞു. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് ആദ്യഘട്ട വാക്സിനേഷനുള്ള രൂപരേഖ തയ്യാറാക്കിയത്. 

ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, കേന്ദ്ര സംസ്ഥാന പൊലീസ് സേന, ഹോം ഗാര്‍ഡ്, സായുധ സേന, മുന്‍സിപ്പല്‍ തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ ഉള്ളത്. വാക്സിന്‍ ലഭ്യമായാല്‍ ജനുവരി മുതൽ ജുലൈ വരെയാകും ആദ്യ ഘട്ട വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നത്. 

വാക്‌സിനുകള്‍ സൂക്ഷിക്കുന്നതിനായി നിലവില്‍  28000 കോള്‍ഡ് സ്റ്റോറേജുകളുണ്ട്. ചില സ്വകാര്യ ആശുപത്രികളും മരുന്ന് സംഭരണത്തിനുള്ള അടിസ്ഥാനമൊരുക്കാൻ തയ്യാറാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സംഭരണ ശാലകള്‍ ഒരുക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. 

click me!