ദില്ലി: കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘനപരാതി തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. വി മുരളീധരന്‍റെ അറിവോടെ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജരായ സ്മിതാ മേനോൻ 2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തെന്ന പരാതിയാണ് തള്ളിയത്. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവുരാണ് പരാതി നൽകിയത്.
ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ഈ പരാതി പിഎംഒയിൽ കിട്ടിയത്. വിവിധ മന്ത്രാലയങ്ങൾക്ക് ഈ പരാതി നൽകി വിവരങ്ങൾ തേടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച മറുപടിയിൽ പറയുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി വിവരങ്ങൾ തേടിയിരുന്നു. അബുദാബി ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസർ ഇതിന് മറുപടിയും നൽകി.
ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ ഔദ്യോഗികപദവിയൊന്നും വഹിക്കാത്ത, ഒരു പി ആർ കമ്പനി മാനേജറെ പങ്കെടുപ്പിച്ചത് ചട്ടലംഘനമാണെന്നാണ് പരാതിയിൽ സലിം മടവൂർ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമുണ്ടായിട്ടുണ്ട്. രാജ്യസുരക്ഷയെത്തന്നെ ബാധിക്കാമെന്നും പരാതിയിലുണ്ടായിരുന്നു.
എന്നാൽ പരാതിയിൽ കഴമ്പില്ല, പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല, എംബസിയിലെ വെൽഫെയർ ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam