'കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50000'; തുക സംസ്ഥാനങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം

By Web TeamFirst Published Sep 22, 2021, 6:12 PM IST
Highlights

ദുരന്തനിവരാണ ഫണ്ടില്‍ നിന്ന് തുക കണ്ടെത്തണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖയിലാണ് നിര്‍ദ്ദേശം. 
 

ദില്ലി: കൊവിഡ്  ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കാമെന്ന് കേന്ദ്രം. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സഹായധനത്തിനുള്ള തുക സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്. 

നാലുലക്ഷം രൂപ വീതം നല്‍കാനാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ കേന്ദ്രം 50000 രൂപ വീതം സഹായധനം അനുവദിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുളള തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലൂടെ കണ്ടെത്തണം. സഹായധനത്തിനുള്ള അപേക്ഷ നിര്‍ദ്ദിഷ്ട ഫോമില്‍ കൊവിഡ് മരണം സാക്ഷ്യപ്പെടുത്തുന്ന മരണ സര്‍ട്ടിഫിക്കറ്റടക്കം ചേര്‍ത്ത് ജില്ലാ ഭരണകൂടത്തിന് നല്‍കണം. സൂക്ഷ്മ പരിശോധനക്ക് ശേഷം 30 ദിവസത്തിനുള്ളില്‍ സഹായധനം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ലഭ്യമാകും. ഒരറിയിപ്പ് ഉണ്ടാകും വരെ സഹായധനം നല്‍കുന്നത് തുടരുമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട  ഹര്‍ജി നാളെ സുപ്രീകോടതി പരിഗണിക്കാനിരിക്കേയാണ് കേന്ദ്രം മാര്‍ഗനിര്‍ദ്ദേശം സമര്‍പ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!