
ദില്ലി: ഒമിക്രോണ്‍ (omicron) തീവ്രമായില്ലെങ്കില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവെന്ന് കേന്ദ്രം. മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണകാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭയം വേണ്ടെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകളിലും രോഗലക്ഷണങ്ങള്‍ തീവ്രമായില്ല. മുന്‍വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു.
പുതിയ വകഭേദം നിലവിലുള്ള വാക്സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഒമിക്രോണ്‍ പടര്‍ന്നാലും ഗുരുതരമാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം കൊവിഡ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം തീവ്രമാകരുതെന്ന മുന്നറിയിപ്പ് ആരോഗ്യമന്ത്രാലയം നല്‍കിട്ടുണ്ട്. 10 ശതമാനത്തിനടുത്ത് ചില ജില്ലകളില്‍ നില്‍ക്കുന്ന പൊസിറ്റിവിറ്റി നിരക്ക് ജാഗ്രതയോടെ കാണണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ വ്യാപനം തടയാന്‍ കൂടുതല്‍ ശ്രദ്ധ വേണം. തീവ്രവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ പൊസിറ്റീവ് കേസുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു. വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയില്‍ പൊസിറ്റീവായവരുടെ സാമ്പിള്‍ പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒമിക്രോണ്‍ ഭീഷണിയില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണനയിലാണ്. നിലവിലെ വാക്സീനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ ഒമിക്രോണിനാകുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് ആവശ്യം ശക്തമാകുന്നത്. 40 വയസിന് മുകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും മറ്റ് രോഗങ്ങളലട്ടുന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്ന് സര്‍ക്കാരിന്‍റെ തന്നെ കൊവിഡ് ജീനോം മാപ്പിംഗ് ഗ്രൂപ്പ് ശുപാര്‍ശ നല്‍കുകയും ചെയ്തു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ വാക്സിനേഷിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന സൂചന ആരോഗ്യമന്ത്രി നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam