'നിയമം പിന്‍വലിക്കില്ല', മറ്റ് ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം, കര്‍ഷകരുമായുള്ള ചര്‍ച്ച തുടരുന്നു

By Web TeamFirst Published Dec 30, 2020, 5:13 PM IST
Highlights

സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ നൽകുന്നത്.

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രം. കര്‍ഷകരുമായുള്ള ചര്‍ച്ചയിലാണ് കേന്ദ്രം തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി വ്യക്തമാക്കിയത്. നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. കേന്ദ്രവും കര്‍ഷക സംഘടനകളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണ്. താങ്ങുവില പിൻവലിക്കില്ല എന്ന ഉറപ്പ് നൽകാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 

സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകൾ നൽകുന്നത്. 41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 8ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് വീണ്ടും നടക്കുന്നത്. ചര്‍ച്ചക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തി. 

click me!