Kisan Morcha : സംയുക്ത കിസാൻ മോർച്ചയിൽ വിള്ളൽ ഉണ്ടാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; കര്‍ഷക സംഘടന നേതാക്കള്‍

By Web TeamFirst Published Dec 1, 2021, 6:13 PM IST
Highlights

നേതൃത്വത്തെ ബന്ധപ്പെടാതെ കേന്ദ്രം ഒരോ സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. അതേസമയം, സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ച് വിവരങ്ങളില്ലെന്ന കേന്ദ്രനിലപാടിൽ കിസാൻ മോർച്ച പ്രതിഷേധം അറിയിച്ചു. 

ദില്ലി: സംയുക്ത കിസാൻ മോർച്ചയിൽ വിള്ളൽ ഉണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍. നേതൃത്വത്തെ ബന്ധപ്പെടാതെ കേന്ദ്രം ഒരോ സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനെതിരെയാണ്  പ്രതിഷേധം. അതേസമയം, സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ച് വിവരങ്ങളില്ലെന്ന കേന്ദ്രനിലപാടിൽ കിസാൻ മോർച്ച പ്രതിഷേധം അറിയിച്ചു. അതിർത്തികളിലെ സമരത്തിൽ തീരുമാനമെടുക്കാൻ കിസാൻ മോർച്ച ശനിയാഴ്ച്ച യോഗം ചേരും. 

ദില്ലി അതിർത്തികളിലെ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം കർഷകസംഘടനകൾക്കിടയിലുണ്ട്. അതിർത്തിയിലെ സമരം അവസാനിപ്പിക്കണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ  താങ്ങുവില, കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരം നിർത്താൻ പാടില്ലെന്നാണ് മറ്റു സംഘടനകൾ പറയുന്നത്. ഇക്കാര്യത്തിൽ ഒരു സമവായത്തിലേക്ക് എത്താൻ കിസാൻ മോർച്ചയ്ക്ക് ആയിട്ടില്ല. 

ഇതിനിടെയാണ് ഇന്നലെ താങ്ങുവില സംബന്ധിച്ച് തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന സമിതിയിലേക്ക് 5 പേരെ നിർദ്ദേശിക്കാൻ  പഞ്ചാബിലെ ചില സംഘടനകളെ കേന്ദ്രം ബന്ധപ്പെട്ടത്. ഇതിനു പിന്നാലെ ഔദ്യോഗികമായി കിസാൻ മോർച്ചയെ ബന്ധപ്പെടാതെ സമിതിയിലേക്ക് പ്രതിനിധികളെ നിർദ്ദേശിക്കാനില്ലെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവന ഇറക്കി. കേന്ദ്രത്തിന്റെ ഈ രീതി ഭിന്നിപ്പുണ്ടാക്കാനാണെന്നാണ് സംഘടനകൾ പറയുന്നത്. സർക്കാരിനെ ചർച്ചയിൽ എത്തിച്ച് സമരം അവസാനിപ്പിക്കാനാണ്  നിലവിലുള്ള നീക്കം.

Read Also: തക്കാളി വഴിയരികില്‍ കളഞ്ഞ് കര്‍ഷകര്‍;ഏഷ്യാനെറ്റ് ന്യൂസിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വ്യാജപ്രചാരണം

click me!