ഗാന്ധി കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു; അമിത്ഷായുടെ വീടിന് മുന്നില്‍ പ്രതിഷേധം

By Web TeamFirst Published Nov 8, 2019, 6:27 PM IST
Highlights

സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഗൗരവമായ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിലാണ്  ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. എന്നാല്‍ കേന്ദ്രത്തിന്‍റെ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം

ദില്ലി: ഗാന്ധി കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സോണിയാഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ക്ക് ഗൗരവമായ സുരക്ഷാഭീഷണിയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനം. രാഷ്ട്രീയ പകപോക്കലാണെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്കാണ് നിലവില്‍ എസ് പിജി സുരക്ഷ ഉണ്ടായിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഒഴികെയുള്ളവര്‍ക്ക് ഗൗരവമായ സുരക്ഷ ഭീഷണികളില്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. എസ്പിജിയെ ഒപ്പം കൂട്ടാതെയുള്ള വിദേശ യാത്രകളിലും  ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഒഴിവാക്കിയുള്ള രാജ്യത്തെ യാത്രകളിലും ഗാന്ധി കുടംബത്തിന്  സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നതാണ് വിലയിരുത്തലിന്‍റെ അടിസ്ഥാനം . 

തുടര്‍ന്നാണ്  എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. പകരം സിആര്‍പിഎഫിന്‍റെ ഇസഡ്പ്ലസ് സുരക്ഷ നല്‍കും. തീരുമാനം ഉടന്‍ നടപ്പില്‍ വരും. രാഷ്ട്രീയ പകപോക്കലില്‍ നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്ന് എഐസിസി ജനറല്‍സെക്രട്ടറി  കെ സി വേണുഗോപാല്‍ പ്രതികരിച്ചു. സുരക്ഷ പ്രശ്നങ്ങളില്ലെന്ന വിലയിരുത്തലില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റില്‍ പിന്‍വലിച്ചിരുന്നു. അദ്ദേഹത്തിന്‍റെ സുരക്ഷ ചുമതല ഇപ്പോള്‍  സിആര്‍പിഎഫിനാണ്.

സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്ക്ക് എസ്പിജി സുരക്ഷ തുടരുന്നതില്‍ ബിജെപിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ഇതും ഘടകമായെന്നാണ് സൂചന. മുന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയു'ടെ മരണത്തെ തുടര്‍ന്ന്  1985ലാണ് എസ്പിജി  രൂപീകരിച്ചത്. രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം നിയമഭദേഗതിയിലൂടെ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പത്ത് വര്‍ഷം വരെ എസ്പിജി സുരക്ഷ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷ പിന്‍വലിക്കുന്നതോടെ ഇനി പ്രധാനമന്ത്രിക്ക് മാത്രമാവും എസ്പിജി കാവല്‍.

click me!