ജൂലൈ 1 മുതൽ മുൻകാല പ്രാബല്യം, ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം; കേന്ദ്ര സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചു

Published : Oct 01, 2025, 05:48 PM IST
DA Hike

Synopsis

ക്ഷാമബത്ത വർധനയിലൂടെ ലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ആനുകൂല്യം ലഭിക്കും. ഈ വർധന കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷൻകാരുടെ പെൻഷനിലും ഗണ്യമായ മാറ്റം വരുത്തുമെന്നും കേന്ദ്ര മന്ത്രി വിവരിച്ചു

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (ഡി എ) 3 ശതമാനം വർധിപ്പിക്കാൻ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഈ തീരുമാനം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ക്ഷാമബത്ത വർധനയിലൂടെ ലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ആനുകൂല്യം ലഭിക്കും. ഈ വർധന കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷൻകാരുടെ പെൻഷനിലും ഗണ്യമായ മാറ്റം വരുത്തുമെന്നും കേന്ദ്ര മന്ത്രി വിവരിച്ചു. ജീവിതച്ചെലവ് വർധനയെ നേരിടാൻ ഈ തീരുമാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രിസഭയുടെ ഈ തീരുമാനം സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി. ഈ തീരുമാനം ഏകദേശം 1.15 കോടി കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ വർഷത്തിൽ രണ്ടുതവണ, ജനുവരിയിലും ജൂലൈയിലും ഈ ബത്തകൾ പുതുക്കുന്നതിനാൽ, ജീവനക്കാർ ജൂലൈ മുതൽ ഇതിനായി കാത്തിരിക്കുകയായിരുന്നു.

ക്ഷാമബത്ത അവസാനം വർധിപ്പിച്ചത്?

ഇതിനുമുമ്പ് 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കേന്ദ്രസർക്കാർ ക്ഷാമബത്തയിലും (ഡി എ) ക്ഷാമാശ്വാസത്തിലും (ഡി ആർ) 2 ശതമാനം വർധന വരുത്തിയിരുന്നു. മാർച്ച് 28 നാണ് മുൻകാല പ്രാബല്യത്തോടെ ഡ‍ി എ വർധനവ് പ്രഖ്യാപിച്ചത്. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നിരുന്നു. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് അന്ന് ക്ഷാമബത്ത വർധിപ്പിച്ചത്. ജീവനക്കാരെയും പെൻഷൻകാരെയും പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും ജീവിതച്ചെലവ് ക്രമീകരിക്കുന്നതിനും വേണ്ടിയാണ് ക്ഷാമബത്തയും ക്ഷാമാശ്വാസവും നൽകുന്നത്.

ഓഗസ്റ്റിൽ സംസ്ഥാന സർക്കാർ ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

നേരത്തെ ഓഗസ്റ്റ് മാസത്തിൽ സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചിരുന്നു. യു ജി സി, എ ഐ സി ടി ഇ, മെഡിക്കൽ സർവീസസ്‌ ഉൾപ്പെടെയുള്ളവർക്കും ഡി എ, ഡി ആർ വർധനവിന്റെ ആനുകൂല്യം ലഭിച്ചു. സെപ്‌തംബർ ഒന്നിന്‌ ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടിയിരുന്നു. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്. ഈ വർഷം രണ്ടാമത്തെ ഗഡു ഡി എ, ഡി ആർ ആണ്‌ ഓഗസ്റ്റ് മാസത്തിൽ അനുവദിച്ചത്‌. കഴിഞ്ഞവർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു. ഡി എ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021 - 22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു