സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാൻ വ്യവസ്ഥ, ഒരു മാസത്തിലധികം കസ്റ്റഡിയിൽ കിടന്നാൽ സ്ഥാനം നഷ്ടമാകും

Published : Aug 20, 2025, 06:48 AM IST
amit shah in rajyasabha

Synopsis

അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും.

ദില്ലി: അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. അഞ്ച് വർഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടന്നാൽ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇത് ബാധകമായിരിക്കും. തുടർച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31-ാം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിലും മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേസമയം, ജയിൽ മോചിതരായാൽ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബിൽ പറയുന്നു. ക്രിമിനൽ കേസുകളിൽ രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവർ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം. പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കാനെന്ന പേരിലാണ് വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ സർക്കാരിൻ്റെ ഈ നീക്കം.

അതേസമയം, ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടുന്ന ബില്ലും അവതരിപ്പിച്ചേക്കും. ഓൺലൈൻ ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും.

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം
ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ