
മുംബൈ: കനത്ത മഴയുടെ കാഠിന്യം അനുഭവിച്ച് നിരത്തുകൾ നദികൾക്ക് സമാനമായി മാറിയ നിലയിലാണ് ഒരിക്കലും ഉറങ്ങാത്ത നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ. പൊതുഗതാഗതം താറുമാറായ നഗരത്തിൽ സാധാരണ ജീവിതം നഗരത്തിൻ്റെ ഭൂരിഭാഗം മേഖലകളിലും തകിടംമറിഞ്ഞു. ഈ അവസ്ഥയിൽ ദുരിതക്കയത്തിലായ ജനത്തെ കൈയ്യും മെയ്യും മറന്ന് സംരക്ഷിക്കുകയാണ് മുംബൈ പൊലീസ്. ആ പ്രയത്നത്തിന് സമൂഹമാധ്യമങ്ങളിലാകെ പ്രശംസകൾ നിറയുകയാണ്.
വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന മനുഷ്യരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയും വെള്ളക്കെട്ടിൽപെടാതെ നഗരഗതാഗതം സുഗമമായി മുന്നോട്ട് കൊണ്ടുപോയും കാക്കിക്കുപ്പായക്കാർ നഗരത്തെ മുന്നോട്ട് കൊണ്ടുപോവുകയാണ്. സ്കൂൾ കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിക്കാൻ നടത്തുന്ന പരിശ്രമങ്ങളടക്കം മുംബൈ പൊലീസിൻ്റെ ശ്രമങ്ങൾ വീഡിയോ ആയി പുറത്തുവന്നവ വലിയ തോതിൽ ജനങ്ങൾ ഏറ്റെടുത്തു. കുട്ടികളെ സുരക്ഷിതമായി കൈപിടിച്ച് നടത്തുന്നതും, പ്രായമായവരെ കടുത്ത വെള്ളക്കെട്ടിലൂടെ കടത്തി വിടുന്നതും, മഴയിൽ കുടുങ്ങിയ യാത്രികർക്കു തങ്ങളുടെ തന്നെ റെയിൻകോട്ട് നൽകുന്നതും വീഡിയോയായി പ്രചരിക്കുന്നുണ്ട്.
മുംബൈ പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ജനത്തിന് ദുരിതകാലത്ത് ആശ്രയമായി മാറി. ഗതാഗത പുനഃക്രമീകരണങ്ങൾ കൃത്യമായി അറിയിക്കുന്നതിനൊപ്പം വെള്ളക്കെട്ടുകൾ എവിടെയൊക്കെയെന്നതും അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ഹെൽപ്‌ലൈൻ നമ്പറുകളും മുംബൈ പൊലീസിൻ്റെ സോഷ്യൽ മീഡിയ പേജുകളിലുണ്ട്. കൃത്യസമയത്ത് നൽകുന്ന ഈ വിവരങ്ങൾ തങ്ങൾക്ക് കനത്ത മഴയ്ക്കിടയിൽ വീട്ടിലെത്താൻ സഹായമാകുന്നതായി നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പൊലീസിൻ്റെ പ്രവർത്തനങ്ങൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇതിനോടകം ചർച്ചയായിട്ടുണ്ട്. #ThankYouMumbaiPolice, #HeroesInUniform എന്നിങ്ങനെ ഹാഷ്‌ടാഗുകൾ ഇപ്പോൾ ട്രൻ്റിങാണ്. വെള്ളക്കെട്ടുള്ള അണ്ടർപാസിന് സമീപം വാഹനങ്ങൾ വഴുതി പോകാതിരിക്കാൻ പൊലീസ് കോൺസ്റ്റബിൾമാർ മനുഷ്യചങ്ങല തീർത്ത ചിത്രവും ഇതോടൊപ്പം വൈറലായി. ഉറങ്ങാത്ത നഗരത്തിൻ്റെ ജീവൽരക്തമാണ് തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് മുംബൈ പൊലീസ്. ദുരിതകാലത്ത് നടത്തുന്ന സേവനം മാത്രമല്ല, ദശലക്ഷക്കണക്കിന് വരുന്ന മുംബൈയിലെ ജനത്തിന് ആത്മവിശ്വാസമായതും പൊലീസിൻ്റെ നേട്ടമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam