പ്രളയം: കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ കേന്ദ്രസഹായം; കേരളത്തിനില്ല

By Web TeamFirst Published Oct 6, 2019, 1:18 PM IST
Highlights
  • ധനസഹായം പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ പ്രദേശങ്ങളിൽ നടത്തിയ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ
  • കേരളത്തെ അപേക്ഷിച്ച് മഴക്കെടുതിയിലും ഉരുൾപൊട്ടലിലും കർണാടകത്തിലും ബിഹാറിലും ഉണ്ടായത് കുറവ് നാശനഷ്‌ടം

ദില്ലി: പ്രളയത്തിൽ ഉണ്ടായ നാശനഷ്ടം നേരിടാൻ കർണാടകയ്ക്കും ബിഹാറിനും 1800 കോടിയുടെ കേന്ദ്ര സഹായം. രണ്ട് സംസ്ഥാനങ്ങളിലെയും സ്ഥിതി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം. 

ബിഹാറിന് 400 കോടിയും കർണാടകയ്ക്ക് 1200 കോടിയുമാണ് അനുവദിച്ചത്. ബിഹാറിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള രണ്ടാം ഘഡുവായി 213.75 കോടി കൂടി അമിത് ഷാ അനുവദിച്ചു. ഇതുകൂടിയാകുമ്പോൾ ബിഹാറിന് 613.75 കോടി ലഭിക്കും.

അതേസമയം കേരളത്തിന് കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് 2019 ലെ മൺസൂൺ മഴക്കാലത്ത് ഉരുൾപൊട്ടലിലും മറ്റുമായി 2101.9 കോടിയുടെ  സഹായം വേണമെന്നാണ് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ഇതിൽ തീരുമാനം വന്നിട്ടില്ല.

കേരളത്തിൽ 181 പേർ 2019 ലെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും മരിച്ചതായാണ് കണക്ക്. 72 പേർക്ക് പരിക്കേറ്റു. 15 പേരെ കാണാതായി. സംസ്ഥാനത്തൊട്ടാകെ 2227 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4.46 ലക്ഷം പേർ ഇവിടെ അഭയം തേടി.

അതേസമയം കേരളത്തെ അപേക്ഷിച്ച് ബിഹാറിലും കർണാടകത്തിലും നാശനഷ്‌ടങ്ങളും ജീവഹാനിയും കുറവാണ്. ബിഹാറിൽ 161 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. 1.26 ലക്ഷം പേരെ 235 ദുരിതാശ്വാസ ക്യാംപുകളിൽ പ്രവേശിപ്പിച്ചു. 27 ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. കർണാടകത്തിൽ 106 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. 13 ജില്ലകളിലായി ആറ് പേരെ കാണാതായി. 3233 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 2.48 ലക്ഷം പേരെ ഇവിടെ പ്രവേശിപ്പിച്ചിരുന്നു.

click me!