
ഇംഫാൽ: മണിപ്പൂരിലെ സെൻസസ് നടപടികൾ കേന്ദ്ര സർക്കാർ മാറ്റിവച്ചു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ദില്ലിയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല, മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കും മുൻപ് സംസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സെൻസസ് നടപടികൾ മാറ്റിവെക്കണമെന്ന ആവശ്യം യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. മണിപ്പൂരിലെ ജനങ്ങളുടെ വികാരംകണക്കിലെടുത്ത് നിർദ്ദിഷ്ട സെൻസസ് നടപടികൾ താൽക്കാലികമായി മാറ്റിവെക്കാൻ തീരുമാനമായി എന്നാണ് അറിയിപ്പ്. ജനങ്ങളെ കേട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര നേതാക്കൾ എന്നിവർക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് പറഞ്ഞു. ബിജെപി അധ്യക്ഷൻ നിതിൻ നബിനോടും അദ്ദേഹം നന്ദി അറിയിച്ചു.
മണിപ്പൂരിൽ എൻആർസി നടപ്പിലാക്കുന്നതിനായി അടുത്തിടെ ദില്ലിയിൽ പ്രചാരണം നടത്തിയ 14 സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ (സി എസ് ഒ) നേതാക്കളുടെയും ബിജെപി എംഎൽഎമാരുടെയും പ്രതിനിധി സംഘത്തിന്റെയും ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കേന്ദ്ര നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ഇവർ നടത്തിയ നിരന്തരമായ ഇടപെടലുകളാണ് ഇന്നത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.എൻ ആർ സി പൂർത്തിയാക്കാതെ സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ മണിപ്പൂരിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. എൻ ആർ സി ഇല്ലാതെ സെൻസസ് നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന് മെയ്തേയ്, നാഗാ വിഭാഗങ്ങൾ വ്യക്തമാക്കിയപ്പോൾ, കുക്കി-വിഭാഗം ഇതിന് വിപരീതമായ നിലപാടാണ് സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam