
ദില്ലി: ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ സെപ്റ്റംബർ അഞ്ചിന് രാജ്യ തലസ്ഥാനത്ത് സി ജെ പി പ്രതിഷേധം പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കേസുകൾ തീർപ്പാക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ കലാശിച്ച ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ കേന്ദ്രം പുതിയ ഹർജി സമർപ്പിച്ചു. സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ഈ കേസുകളെല്ലാം നേരിട്ട് റദ്ദാക്കണമെന്ന ആവശ്യമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് നടക്കാനിരിക്കുന്ന സി ജെ പി മാർച്ച് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ നേരത്തെ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.
ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടി സി ജെ പി മാർച്ചിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെ, പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ചുമതലയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കാണേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചത്. സെപ്തംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്കാണ് വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ സി ജെ പി പ്രവർത്തക സമിതി യോഗം ആഹ്വാനം ചെയ്തിരിക്കന്നത്. ജൂലൈയിൽ ജന്തർ മന്തിറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സി ജെ പി പുതിയ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 25 ന് ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ രണ്ട് മന്ത്രിമാർ പരസ്യമായി നൽകി വാഗ്ദാനങ്ങൾ ലംഘിച്ചെന്ന പരാതിയുമായാണ് പാറ്റകൾ വീണ്ടും തെരുവിലേക്കിറങ്ങാൻ പോകുന്നത്. സെപ്തംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നീറ്റ് പരീക്ഷ റദ്ദാക്കിയത് കാരണം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മാതാപിതാക്കളും, സി ജെ പി പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർത്ഥികളും മുന്നിൽ നടക്കാനാണ് തീരുമാനം. പ്രതിഷേധക്കാർക്ക് എതിരായ എഫ് ഐ ആറുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം ധനസഹായം നൽകുക എന്നീ ആവശ്യങ്ങളിൽ ഉറപ്പുനൽകിയാണ് സമരം സർക്കാർ അവസാനിപ്പിച്ചത്. രണ്ട് ദിവസത്തിനകം രേഖാമൂലം ഇക്കാര്യങ്ങൾ എഴുതി നൽകാമെന്നടക്കം സർക്കാർ അന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ദില്ലിയിലും സംസ്ഥാനങ്ങളിലുമായി എത്ര എഫ് ഐ ആറുകൾ ഉണ്ടെന്ന വിവരം സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് പോലും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ വാക്ക് പാലിക്കില്ലെന്ന് വിലയിരുത്തി സി ജെ പി പ്രവർത്തക സമിതി പുതിയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. മഹാരാഷ്ട്രയിൽ അഭിജിത് ദീപ്കെയ്ക്കും രാജസ്ഥാനിൽ അശുതോഷ് രങ്കയ്ക്കും എതിരെ സ്കൂളുകൾ നന്നാക്കൂ പ്രചാരണത്തിന്‍റെ പേരിൽ എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തതും സി ജെ പിയെ ചൊടിപ്പിച്ചു. ജന്തർമന്തർ സമരത്തിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ പ്രതിഷേധക്കാർക്ക് നിയമസഹായം ഉൾപ്പെടെ നൽകി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മുന്നോട്ട് പോകുകയാണ്. സംഭവത്തിൽ കേസ് എടുക്കാത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നത് ഏറെ ജനശ്രദ്ധനേടിയിരുന്നു. സി ജെ പി ഒന്നും ചെയ്യുന്നില്ല എന്ന പരോക്ഷ വിമർശനം കോൺഗ്രസ് ഉയർത്തുകയാണ്. വിദ്യാർത്ഥി സമരത്തിന്‍റെ നേതൃത്വം ആകെ ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സി ജെ പി ഇന്ത്യ ഗേറ്റിൽ നിന്നുള്ള മാർച്ച് പ്രഖ്യാപിച്ചത്. ജൂലൈ ഇരുപതിലെ പ്രതിഷേധം പോലെ ഇത് സംഘർഷഭരിതമാകാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യ ഗേറ്റിൽ നിന്നാണ് മാർച്ചെങ്കിൽ അത് നിയന്ത്രിക്കുകയും എളുപ്പമല്ല. 12, 13 തിയതികളിൽ ബ്രിക്സ് ഉച്ചകോടിക്കായി ഇരുപതോളം രാഷ്ട്രനേതാക്കൾ ദില്ലിയിൽ എത്താനിരിക്കെയാണ് പ്രക്ഷോഭം എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam