13 വർഷത്തെ സേവനത്തിന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ മിത്തൽ രാജി വെച്ചു. കൃത്യമായ ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനമാണിതെന്നും ഐഎഎസ് എന്നത് തൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു അധ്യായം മാത്രമായിരുന്നുവെന്നും ദിവ്യ മിത്തൽ.
ദില്ലി: 13 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്ന് രാജി വെയ്ക്കാൻ കാരണം എന്തെന്ന് വെളിപ്പെടുത്തി ദിവ്യ മിത്തൽ. സോഷ്യൽ മീഡിയയിൽ പല അഭ്യൂഹങ്ങളും ഉയരുന്നതിനിടെയാണ് ദിവ്യ മിത്തലിന്‍റെ വിശദീകരണം.പെട്ടെന്നുണ്ടായ പ്രകോപനത്തിന്‍റെയോ സമ്മർദ്ദത്തിന്‍റെയോ ഫലമായിട്ടല്ല രാജി വച്ചതെന്നും കൃത്യമായ ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനമാണെന്നും ദിവ്യ മിത്തൽ വ്യക്തമാക്കി. തന്നെ സംബന്ധിച്ച് ഐഎഎസ് എന്നത് ഔദ്യോഗിക ജീവിതത്തിലെ ഒരു അധ്യായം മാത്രമായിരുന്നുവെന്നും നിലനിൽപ്പ് അതിനെ മാത്രം ആശ്രയിച്ചിട്ടല്ലെന്നും ദിവ്യ മിത്തൽ പറഞ്ഞതായി ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായ മുൻഗണനകളും താത്പര്യങ്ങളും ഒപ്പം കുടുംബത്തെയും പരിഗണിച്ചാണ് സർവീസിൽ നിന്ന് സ്വമേധയാ പടിയിറങ്ങാൻ തീരുമാനിച്ചതെന്ന് ദിവ്യ കൂട്ടിച്ചേർത്തു.
2013 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐ എ എസ് ഉദ്യോഗസ്ഥയാണ് ദിവ്യ മിത്തൽ. ദേവരിയ, മിർസാപ്പൂർ, സാന്ത് കബീർ നഗർ എന്നീ ജില്ലകളിൽ കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ യുപി റെവന്യൂ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. സർവീസിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ, തന്റെ 13 വർഷത്തെ ഐഎഎസ് ജീവിതത്തെ മറക്കാനാവാത്ത ഒരു യാത്ര എന്നാണ് അവർ വിശേഷിപ്പിച്ചത്. ഒരു സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വന്ന് സ്വപ്നങ്ങൾ എത്തിപ്പിടിച്ചതിനെ കുറിച്ചും ദിവ്യ വിശദീകരിച്ചു. ഐഐടി ഡൽഹി, ഐഐഎം ബാംഗ്ലൂർ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അവർ ലണ്ടനിലെ ജെ പി മോർഗനിൽ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് ഗഗൻദീപ് സിംഗ് ധില്ലൺ സിറ്റി ഗ്രൂപ്പിലും സേവനമനുഷ്ഠിച്ചു. എന്നാൽ വിദേശത്തെ മികച്ച ജീവിതത്തിനിടയിലും എന്തോ ഒന്ന് അപൂർണ്ണമാണെന്ന തോന്നൽ വന്നതോടെയാണ് മാതൃരാജ്യത്തിലേക്ക് മടങ്ങാനും ഈ മണ്ണിൽ സിവിൽ സർവീസിലേക്ക് കടക്കാനും ഇരുവരും തീരുമാനിച്ചത്.
തന്റെ സർവീസ് കാലയളവിനെക്കുറിച്ച് സംസാരിക്കവേ, ഭരണ നേട്ടങ്ങൾക്കപ്പുറമുള്ള ജീവിത പാഠങ്ങളാണ് സമ്മാനിച്ചതെന്ന് ദിവ്യ അഭിപ്രായപ്പെട്ടു. ശരിക്ക് വേണ്ടി നിലകൊള്ളുക എന്നത് തെരഞ്ഞെടുപ്പല്ല മറിച്ച് കടമയാണെന്ന് ദേവരിയയും അസാധ്യം എന്നത് ഒരു വസ്തുതയല്ല വെറുമൊരു അഭിപ്രായം മാത്രമാണെന്ന് മിർസാപ്പൂരും തന്ന പഠിപ്പിച്ചതായി അവർ പറഞ്ഞു. മിർസാപൂരില്‍ കളക്ടറായിരിക്കെ ലഹുരിയാദിഹ് ഗ്രാമത്തില്‍ പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. യഥാർത്ഥ അധികാരം ഔദ്യോഗിക പദവികളിൽ നിന്നല്ല, മറിച്ച് ദൈവാനുഗ്രഹത്തിൽ നിന്നും ജനങ്ങളുടെ വിശ്വാസത്തിൽ നിന്നുമാണ് ലഭിക്കുന്നതെന്ന് ദിവ്യ മിത്തൽ പറഞ്ഞു.
ഭാവി പരിപാടികളെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും കുടുംബ കാര്യങ്ങൾക്കൊപ്പം ദീർഘകാലമായുള്ള സ്വന്തം ഇഷ്ടങ്ങൾ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ദിവ്യ മിത്തൽ വ്യക്തമാക്കി. എഴുത്ത്, അധ്യാപനം, അല്ലെങ്കിൽ സാമൂഹിക സേവനം തുടങ്ങിയ മേഖലകളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചെങ്കിലും, അടുത്തതായി എന്ത് ചെയ്യണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അവർ പറഞ്ഞു. ഭർത്താവ് ഗഗൻദീപ് സിംഗ് ധില്ലണും ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു. 2022-ൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ ജോയിന്റ് ഡയറക്ടർ ജനറലായിരിക്കെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. നിലവിൽ ദിവ്യ മിത്തൽ സമർപ്പിച്ച രാജി ഉത്തർപ്രദേശ് സർക്കാരിന്റെ ശിപാർശയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
