
ദില്ലി: നെഹ്‌റു കുടുംബത്തിന്‍റെ എസ്പിജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ ക്രമീകരണങ്ങളിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍. വിദേശയാത്രകളില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണം. ഒരോ മിനിട്ടിലും സന്ദർശനത്തിൻ്റെ വിവരങ്ങള്‍ പുതുക്കി നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
നിലവില്‍ വിദേശയാത്രകളില്‍ ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടെ വരെ സുരക്ഷ ജീവനക്കാരെ ഒപ്പം കൊണ്ടുപോകുകയും എത്തിയ ശേഷം തിരിച്ചയക്കുകയുമാണ് പതിവ്. സ്വകാര്യത പരിഗണിച്ച് എസ്പിജി ഒപ്പം വേണ്ടെന്ന നിലപാടാണ് നേതാക്കൾക്കുള്ളത്. എന്നാല്‍, അതീവ സുരക്ഷ വേണ്ട സാഹചര്യത്തില്‍ എസ്പിജിയെ പിന്‍വലിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷയുള്ളത്.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ എസ്പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റില്‍ പിൻവലിച്ചിരുന്നു. നിലവില്‍ സിആര്‍പിഎഫിനാണ് സുരക്ഷ ചുമതല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ഗാന്ധിയുടെ ഇപ്പോഴത്തെ വിദേശയാത്രയടക്കം ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam