കൊവിഡ് 19: കാര്‍ഗിൽ യുദ്ധസ്മാരകത്തിലെ വിപുലമായ ചടങ്ങുകൾ ഒഴിവാക്കി

By Web TeamFirst Published Jul 24, 2020, 7:54 AM IST
Highlights

തോലോലിംഗ് മലനിരകളുടെ താഴ്വരയിലാണ് ദ്രാസിലെ കാര്‍ഗിൽ യുദ്ധസ്മാരകം. വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ഇവിടുത്തെ ശിലകളിൽ കൊത്തിവെച്ചിട്ടുണ്ട്. പാക് പടയെ തുരത്താൻ അന്ന് ഉപയോഗിച്ച ആയുധങ്ങളും ബോഫേഴ്സ് പീരങ്കിയും യുദ്ധവിമാനവുമൊക്കെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു

ദില്ലി: കൊവിഡ് കാരണം ദ്രാസിലെ കാര്‍ഗിൽ യുദ്ധസ്മാരകത്തിൽ വിപുലമായ ചടങ്ങുകൾ ഇത്തവണ ഒഴിവാക്കി. പ്രൗഡമായ ചടങ്ങുകളോടെയായിരുന്നു കഴിഞ്ഞ വര്‍ഷം 20-ാം വാര്‍ഷികം ആഘോഷിച്ചത്. കാര്‍ഗിൽ പോരാളികളും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളും ആ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.

തോലോലിംഗ് മലനിരകളുടെ താഴ്വരയിലാണ് ദ്രാസിലെ കാര്‍ഗിൽ യുദ്ധസ്മാരകം. വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ഇവിടുത്തെ ശിലകളിൽ കൊത്തിവെച്ചിട്ടുണ്ട്. പാക് പടയെ തുരത്താൻ അന്ന് ഉപയോഗിച്ച ആയുധങ്ങളും ബോഫേഴ്സ് പീരങ്കിയും യുദ്ധവിമാനവുമൊക്കെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാക് സേനയിൽ നിന്ന് പിടിച്ചെടുത്ത പ്രതിരോധ ഉപകരണങ്ങളും കാണാം. 20-ാം വാര്‍ഷിക ആഘോഷം കഴിഞ്ഞ വര്‍ഷം ദ്രാസിൽ ആഘോഷിച്ചത് വിപുലമായ ചടങ്ങുകളോടെയായിരുന്നു.

മൂന്ന് സൈനിക മേധാവികളും ദ്രാസിൽ എത്തി അന്ന് വീരസൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു. കാര്‍ഗിൽ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ, യുദ്ധത്തിന്‍റെ ഭാഗമായ വീരസൈനികര്‍, അംഗവൈകല്യം സംഭവിച്ചവര്‍ അങ്ങനെ വലിയൊരു കൂട്ടായ്മയെയാണ് കഴിഞ്ഞ വര്‍ഷം ദ്രാസിൽ കണ്ടത്. ഏഷ്യാനെറ്റ് ന്യൂസും ആ ചടങ്ങുകൾക്ക് സാക്ഷിയായിരുന്നു. കാര്‍ഗിൽ യുദ്ധത്തിന് മുമ്പ് വരെ ഈ കുറ്റൻ മലനിരകൾക്ക് മുകളിൽ നിന്ന് മഞ്ഞുകാലമാകുമ്പോൾ സൈനികര്‍ പിൻവാങ്ങുമായിരുന്നു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധമുഖമായിരുന്നു കാര്‍ഗിൽ. പോരാട്ടം നടന്ന ദ്രാസ് ലോകത്തെ ഏറ്റവും തണുപ്പുള്ള രണ്ടാമത്തെ പ്രദേശവും. ഈ പ്രതികൂല സാഹചര്യങ്ങൾ കാര്‍ഗിൽ മുന്നേറ്റത്തിൽ സൈന്യത്തിന് മുന്നിലെ വെല്ലുവിളിയായിരുന്നു. കാര്‍ഗിലിലെ അനുഭവപരിചയം ഇന്ത്യൻ കരസേനയ്ക്ക് നല്‍കിയ കരുത്ത് ചെറുതല്ല. ഇപ്പോള്‍ കൊവിഡ് രാജ്യത്ത് പടരുന്ന സാഹചര്യത്തിലാണ് ദ്രാസിലെ കാര്‍ഗിൽ യുദ്ധസ്മാരകത്തിൽ വിപുലമായ ചടങ്ങുകൾ ഇത്തവണ ഒഴിവാക്കിയത്. 

click me!