തെലങ്കാനയിൽ സാമൂഹിക വ്യാപനം തന്നെ; തമിഴ്നാട്ടിൽ കൊവിഡ് രോ​ഗികൾ രണ്ട് ലക്ഷത്തിലേക്ക്, മരണം 3200 കടന്നു

By Web TeamFirst Published Jul 23, 2020, 10:06 PM IST
Highlights

സംസ്ഥാനത്തു സാമൂഹിക വ്യാപനമുണ്ടെന്ന് തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടർ ജി ശ്രീനിവാസ റാവു അറിയിച്ചു. ഇനിയുള്ള നാലഞ്ച് ആഴ്ചകൾ വളരെ നിർണായകമാണെന്നും ജനങ്ങൾ കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തെലങ്കാനയിൽ ആകെ രോ​ഗബാധിതരുടെ എണ്ണം അരലക്ഷം കടന്നിട്ടുണ്ട്.

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ​ഗുരുതരമായി തുടരുന്നതിനിടെ തെലങ്കാനയിലും സാമൂഹിക വ്യാപനമെന്ന് സ്ഥിരീകരണം.  സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടെന്ന് തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടർ ജി ശ്രീനിവാസ റാവു അറിയിച്ചു. ഇനിയുള്ള നാലഞ്ച് ആഴ്ചകൾ വളരെ നിർണായകമാണെന്നും ജനങ്ങൾ കർശനമായി സാമൂഹിക അകലം പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തെലങ്കാനയിൽ ആകെ രോ​ഗബാധിതരുടെ എണ്ണം അരലക്ഷം കടന്നിട്ടുണ്ട്.

തെലങ്കാനയിൽ ഇന്ന് മാത്രം 1567 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 662 രോഗികൾ ഹൈദരാബാദിൽ ആണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 50826 എന്നാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്. ഇവിടെ ഇന്ന് മാത്രം ഒമ്പത് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 447 ആയി. തെലങ്കാനയിൽ നിലവിൽ ചികിത്സയിലുളളവരുടെ എണ്ണം  11052 ആണ്.

രാജ്യത്താകെ 12,38,635 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ  45,000 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് മരണം 29,861 എന്നാണ് റിപ്പോർട്ട്. 3,56,439 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയിൽ ഇന്ന് 9,895 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോ​ഗബാധിതരുടെ എണ്ണം 3,47,502 ആയി. ഇന്ന് 298 പേർ കൂടി രോ​ഗം ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 12,854 ആയി. ഇന്ത്യയിലെ ആകെ രോ​ഗബാധിതരുടെ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 

രോ​ഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിലും സ്ഥിതി അതീവ ​ഗുരുതരമായി തന്നെ തുടരുകയാണ്. ഇന്ന് 6472 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോ​ഗബാധിതർ 192964 ആയി. ചെന്നൈയിൽ 90900 പേർ കൊവിഡ് ബാധിതരായെന്നാണ് കണക്ക്. 24 മണിക്കൂറിനിടെ 88 പേരാണ് കൊവിഡ് മൂലം തമിഴ്നാട്ടിൽ മരിച്ചത്. ആകെ കൊവിഡ് മരണം 3232 ആയി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 5 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ആന്ധ്ര പ്രദേശിൽ പ്രതിദിന രോഗബാധ എണ്ണായിരത്തിലേക്ക് അടുത്തു. ഇന്ന് മാത്രം 7998 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗം ബാധിച്ചവർ 72711 ആയി. 61 പേരാണ് ഇന്ന് മരിച്ചത്. ആകെ മരണം മരണം 884 ആയി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 34272 ആണ്. ഇന്ന് മാത്രം 58052 പേരെയാണ് സംസ്ഥാനത്തു പരിശോധിച്ചത്.

click me!