
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ചാണക്യാപൂരിയിലെ നെഹ്റു പാർക്കിൽ, രാവിലെ നടക്കാനിറങ്ങിയ ഒരാളെ വെറുതെ ലക്ഷ്യമിട്ട രണ്ട് കള്ളന്മാർക്ക് കിട്ടിയത് വമ്പൻ പണി. ധരിച്ചിരുന്ന സ്വർണമാല കണ്ടിട്ടായിരുന്നു നോട്ടമിട്ടത്. അടുത്തെത്തി സംഘത്തിലൊരാൾ തോക്കൂചൂണ്ടി, മാല തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ മാല പൊട്ടിച്ചു. സമയം ഒട്ടു പാഴാക്കാടെ രക്ഷപ്പെടാനായി അതിവേഗം പാർക്കിന്റെ എൻട്രി ഗേറ്റ് ലക്ഷ്യമാക്കി ഓടി. അതുവരെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
മാലപൊട്ടിച്ചത് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിൽ പ്രവർത്തിക്കുന്ന ഏറ്റമുട്ടൽ വിദഗ്ധനായ 'വിനോദ് ബദോല' ആയിരുന്നെന്ന് കള്ളന്മാർ അറിഞ്ഞിരുന്നില്ല. അവിടെയാണ് പദ്ധതി പിഴച്ചതും. മാലയുമെടുത്ത് ഓടിരക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെയും വിനോദ് പിന്തുടർന്നു. തോക്ക് കൈവശം വെച്ചിരുന്നയാളെ ആദ്യം അടിച്ചിട്ടു. അൽപനേരം ബലപ്രയോഗം നടത്തിയെങ്കിലും ഒടുവിൽ ഇയാൾ ആയുധം നഷ്ടമായി കീഴടങ്ങി. എന്നാൽ ഈ സമയം കൊണ്ട് സംഘത്തിലെ രണ്ടാമൻ രക്ഷപ്പെട്ടിരുന്നു.
വിനോദ് തന്നെ 112ൽ വിളിച്ച് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനൊപ്പം രക്ഷപ്പെട്ടയാളിനായി തെരച്ചിൽ തുടങ്ങി. ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി അവരിലൊരാളായി ഒന്നുമറിയാത്ത പോലെ ഒരു ജലധാരയുടെ സമീപത്ത് ഇരുന്നിരുന്ന ഇയാളെ കണ്ടെത്തി പിടികൂടുകയും ചെയ്തു. ഗൗരവ്, പവൻ ദേവ് എന്നിവരാണ് അറസ്റ്റിലായതെന്ന് ന്യൂഡൽഹി ഡിസിപി ദേവേഷ് മഹ്ള പിന്നീട് അറിയിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് സംഘം സ്ഥലത്ത് പട്രോളിങ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഗുണ്ടാസംഘങ്ങളുമായി ഉൾപ്പെടെ ഡൽഹി പൊലീസ് നടത്തിയിട്ടുള്ള നിരവധി ഏറ്റുമുട്ടലുകളുടെ നേതൃത്വം വഹിച്ചിരുന്നയാളാണ് വിനോദ് ബദോല. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രത്യേക പുരസ്കാരം ഉൾപ്പെടെ അദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...