ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം, അണക്കെട്ട് തകർന്നു, പത്ത് മരണം, 150 പേരെ കാണാനില്ല

By Web TeamFirst Published Feb 7, 2021, 3:30 PM IST
Highlights

ധൗളിഗംഗ, അളകനന്ദ നദിക്കരകളിലുള്ളവരെ ഒഴിപ്പിക്കുകയാണ്. സ്ഥലത്ത് നിന്ന് ഏതാണ്ട് 150 പേരെയെങ്കിലും കാണാതായതായാണ് വിവരം. രക്ഷാപ്രവർത്തനത്തിന് ഐടിബിപി, ദുരന്തപ്രതികരണസേന എന്നിവരെ ഇറക്കി. തത്സമയം.

ദില്ലി/ ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള റെനി ഗ്രാമത്തിലേക്ക് നന്ദാദേവി പർവ്വതത്തിൽ നിന്ന് വൻമഞ്ഞുമല ഇടിഞ്ഞുവീണുണ്ടായത് വൻദുരന്തം. റെനി ഗ്രാമത്തിന് അടുത്തുള്ള ഋഷിഗംഗ പവർ പ്രോജക്ട് തകർന്ന് പത്ത് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡാംസൈറ്റിൽ ജോലി ചെയ്തിരുന്ന 150ഓളം തൊഴിലാളികളെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. 150 പേരും മരിച്ചതായാണ് സംശയമെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി പറഞ്ഞു. സ്ഥലത്ത് ഐടിബിപി, ദുരന്തപ്രതികരണസേന എന്നിവരെ ഇറക്കി രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 600 അംഗ സൈന്യത്തിന്‍റെ ഗ്രൂപ്പുകളെയും ദുരന്തനിവാരണസേനയെയും വ്യോമസേനയെയും ഡെറാഡൂണിൽ നിന്ന് സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് വൻവെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. അളകനന്ദ, ധൗളിഗംഗ നദിക്കരകളിലുള്ള ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ് സംസ്ഥാനസർക്കാർ ഇപ്പോൾ. 

ചമോലിയിലെ തപോവൻ മേഖലകളിൽ നിന്നുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷന്‍റെ സൈറ്റിലുള്ള അണക്കെട്ടാണ് ഭാഗികമായി തകർന്നത്. ഇവിടെ നിന്നാണ് 3 മൃതദേഹങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയ ഐടിബിപി ഉദ്യോഗസ്ഥർ കണ്ടെടുത്തിരിക്കുന്നത്. തപോവൻ മേഖലയിൽ നിന്ന് മാത്രം 50 മുതൽ 75 പേരെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. ചമോലി മുതൽ ഹരിദ്വാർ വരെയുള്ള പ്രളയമേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അൽപസമയത്തിനകം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രറാവത്ത് സ്ഥലത്ത് ആകാശസന്ദർശനം നടത്തും. ദുരന്തവിവരമറിഞ്ഞയുടൻ മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങളുടെ വിവരങ്ങൾ തേടാനും ഏകോപിപ്പിക്കാനുമായി അടിയന്തരയോഗം വിളിച്ചുചേർത്തിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥലത്തുണ്ടായത് വൻദുരന്തമാണെന്നും ഉടൻ കേന്ദ്രസഹായം തേടേണ്ടതുണ്ടെന്നും വിലയിരുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ത്രിവേന്ദ്രറാവത്തുമായി സംസാരിച്ചു. ഉത്തരാഖണ്ഡിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായും വ്യോമസേനയ്ക്ക് അടക്കം മുന്നറിയിപ്പ് നൽകിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നടപടി തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റേയും പറഞ്ഞു.

ധൗളിഗംഗയിൽ വൻ വെള്ളപ്പൊക്കം

ധൗളിഗംഗ, ജോഷിമഠ് എന്നിവിടങ്ങളിൽ വൻ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ദുരന്തമുണ്ടായ റെനി ജില്ല ജോഷിമഠിൽ നിന്ന് വെറും 26 കിലോമീറ്റർ മാത്രം അകലെയാണ്. സ്ഥലത്തെ നിരവധി വീടുകൾ ദുരന്തത്തിൽ തകർന്നു. ഭാഗീരഥി നദിയിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാൻ മുൻകരുതലിന്‍റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗർ, റിഷികേശ് അണക്കെട്ടുകളിലെ വെള്ളം ഒഴുക്കിക്കളയാൻ തുടങ്ങിയിട്ടുണ്ട്. നന്ദപ്രയാഗിന് ശേഷമുള്ള വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാനാണ് ഇത്.

പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ആവശ്യപ്പെട്ടു. അളകനന്ദയിലെ നന്ദപ്രയാഗിന് ശേഷമുള്ള ഭാഗങ്ങളിൽ ജലനിരപ്പ് അപകടകരമായ സ്ഥിതിയിൽ അല്ലെന്ന് മുഖ്യമന്ത്രി റാവത്ത് പറയുന്നു. അളകനന്ദയുടെ തീരങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുകയാണ്. നദിയുടെ തീരങ്ങളിൽ താമസിക്കുന്ന അപകടമേഖലകളിലുള്ളവരെയും ഒഴിപ്പിച്ചുവരികയാണെന്നും റാവത്ത് വ്യക്തമാക്കി. 

click me!