
ദില്ലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ വീണ്ടും മഞ്ഞ് മല ഇടിഞ്ഞ് അപകടത്തിൽ എട്ട് പേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഇന്ത്യ- ചൈന അതിർത്തിക്ക് സമീപത്തെ നിതി താഴ്വരയിൽ മഞ്ഞു മല ഇടിഞ്ഞത്. സംഭവ സ്ഥലത്ത് സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മുന്നൂറിലേറെ പേരെ രക്ഷിച്ചതായി സൈന്യം വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
കടുത്ത മഞ്ഞു വീഴ്ച്ച കാരണം നിർത്തി വെച്ചിരുന്ന രക്ഷാപ്രവർത്തവനം ഇന്ന് വീണ്ടും തുടങ്ങി. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ക്യാമ്പിൽ ജോലി ചെയ്യുന്നവരും, നിർമ്മാണ തൊഴിലാളികളുമാണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. അപകട നടന്നതിന് ഒരു കിലോമീറ്റർ ഇപ്പുറം പട്ടാള ക്യാമ്പും സ്ഥിതി ചെയ്തിരുന്നു.
ചമോലിയിൽ കഴിഞ്ഞ അഞ്ച് ദിവസമായി കനത്ത മഞ്ഞ് വീഴ്ചയും മഴയും തുടരുകയാണ് മഞ്ഞുവീഴ്ച കാരണം അപകടം നടന്ന പ്രദേശത്തേക്ക് ബന്ധപ്പെടാൻ തടസ്സങ്ങൾ ഉണ്ടായിരുന്നതായി ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഫെബ്രുവരിയിൽ ചമോലിയിൽ ഉണ്ടായ മഞ്ഞിടിച്ചിൽ ദുരന്തത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിനും ദുരന്ത നിവാരണ സേനക്കും ജാഗ്രതാ നിർദേശം നൽകിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ്ങ് റാവത്ത് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചതായും റാവത്ത് ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam