ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷം;നിരവധി രോ​ഗികൾ മരിച്ചു;പല ആശുപത്രികളും രോ​ഗികളെ പ്രവേശിപ്പിക്കുന്നില്ല

By Web TeamFirst Published Apr 24, 2021, 11:35 AM IST
Highlights

പല ആശുപത്രികളിലും രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഓക്സിജൻ തീരുമെന്നും സ്ഥിതി അതീവ ​ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി പല ആശുപത്രികളും രം​ഗത്തെത്തി. ചില ആശുപത്രികൾ രോ​ഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ നിർത്തിവച്ചു.

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. പല ആശുപത്രികളിലും രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഓക്സിജൻ തീരുമെന്നും സ്ഥിതി അതീവ ​ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി പല ആശുപത്രികളും രം​ഗത്തെത്തി. ചില ആശുപത്രികൾ രോ​ഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ നിർത്തിവച്ചു.

ഓക്സിജൻ കിട്ടാതായതോടെ ദില്ലി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ 20 പേരാണ് മരിച്ചത്. ജയ്പൂർ നീൽകാന്ത് ആശുപത്രിയിൽ 5 മരണം ഉണ്ടായി. കഴിഞ്ഞ രാത്രിയിലാണ് അഞ്ച് പേർ മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 200 പേർ ഇവിടെ ഗുരുതരാവസ്ഥയിൽ ഉണ്ട്. അരമണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ സ്റ്റോക്കുള്ളൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 

45 മിനിറ്റിനുള്ളിൽ ഓക്സിജൻ തീരുമെന്നാണ് ദില്ലി ബത്ര ആശുപത്രി എംഡി ഡോ. എസ് ഇ എൽ ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇവിടെ ഇന്ന് ലഭിച്ചത് 500 ലിറ്റർ ഓക്സിജൻ മാത്രമാണ്. 8000 ലിറ്റർ ഓക്സിജൻ അത്യാവശ്യമായ സാഹചര്യത്തിലാണ് 500 ലിറ്റർ മാത്രം  ലഭിച്ചത്. രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചു എന്നും ഗുപ്ത പറഞ്ഞു. ഓക്സിജൻ തീർന്നതോടെ ദില്ലി മൂൽചന്ദ് ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ദില്ലി സരോജ് ആശുപത്രിയിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും രോ​ഗികളെ ഇപ്പോൾ പ്രവേശിപ്പിക്കുന്നില്ല.  

ഓക്സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ ദില്ലിയിലെ ഒരു വീട്ടിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ റെയ്‌ഡ്‌ ചെയ്തു കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നു. 32 വലിയ ഓക്സിജൻ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളും കണ്ടെത്തിയതായാണ് ദില്ലി പൊലീസ് അറിയിച്ചത്. ദസ്രത്ത് പുരിയിലെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, ഓക്സിജൻ, വാക്സീൻ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രം​ഗത്തെത്തി. പി.ആർ പ്രോജക്ടുകളിൽ പണം ചെലവഴിക്കാതെ  പ്രതിസന്ധി പരിഹരിക്കാനുള്ള വഴി കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിസന്ധി വരും ദിവസങ്ങളിലും ശക്തമാകും. ഇപ്പോഴത്തെ സാഹചര്യം തന്നെ താങ്ങാനാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

രാജ്യത്ത് ഇന്നും മൂന്നര ലക്ഷത്തോളം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 
 

click me!