
ചണ്ഡിഗഡ് : സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനുള്ള ആദരമായി ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗദ്സിംഗ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് മാറ്റി. ഭഗത്‍ സിംഗിന്റെ 115ാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്റേ പേര് മാറ്റിയത്. ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമൻ ആണ് വിമാനത്താവളത്തിന്റെ പേര് ഔദ്യോഗികമായി മാറ്റിയത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരായ ബൻവാരിലാൽ പുരോഹിത്, ബന്ദാരു ദത്താത്രേയ എന്നിവര്‍ ബുധനാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ദ് മൻ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജി, കേന്ദ്രമന്ത്രിമാരായ വി കെ സിംഗ്, രകേഷ് രഞ്ജൻ സഹായ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‍വന്ദ് മനുംഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയും തമ്മിൽ ഓഗസ്റ്റ് ആദ്യം നടന്ന യോഗത്തിലാണ് വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനമായത്.
ഇന്ത്യയുടെ മുഖമുദ്രയായ ദില്ലി നഗര ഹൃദയത്തിലെ വീഥിയുടെ പേര് ഈ മാസം ആദ്യം കര്‍ത്തവ്യ പദ് എന്ന് മാറ്റിയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്‍പഥ് ആയി മാറി. കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാവിക സേനയുടെ പതാകയില്‍നിന്നും സെന്‍റ് ജോർജ് ക്രോസ് മുദ്ര നീക്കി പുതിയ പതാക ഉയർത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയായ റേസ് കോഴ്സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്ന് മാറ്റിയിരുന്നു.
Read More : 'കുത്തബ്മിനാറിന്റെ പേര് വിഷ്ണു സ്തംഭമെന്ന് മാറ്റണം', ആവശ്യവുമായി ഹിന്ദു സംഘടനകളുടെ പ്രതിഷേധം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam