നായിഡുവിനെ ത്രിശങ്കുവിലാക്കി 'ഓപ്പറേഷന്‍ താമര'; എം പിമാര്‍ക്ക് പിന്നാലെ പാര്‍ട്ടി വക്താവും ബിജെപിയിലെത്തി

By Web TeamFirst Published Jun 27, 2019, 12:24 PM IST
Highlights

നായിഡുവിന്‍റെ അടുപ്പക്കാരിലൊരാളായ ലങ്ക ദിനകറാണ് ഓപ്പറേഷന്‍ താമരയില്‍ വീണത്

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി രാജ്യമാകെ ഓടിനടക്കുകയായിരുന്നു ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു. മോദി ഭരണത്തിന് അവസാനം കാണാന്‍ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന സ്വപ്നം പങ്കുവച്ച നായിഡുവിനെ കാത്തിരുന്നത് ദയനീയമായ പതനമായിരുന്നു. ആന്ധ്രയിലെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെന്ന് മാത്രമല്ല തെലുങ്കുദേശം പാര്‍ട്ടി നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നായിഡുവിന്‍റെ കാല്‍ച്ചുവട്ടിലെ മണ്ണും ഒലിച്ച് പോകുകയാണ്.

നാല് രാജ്യസഭാ എംപിമാര്‍ ടിഡിപി വിട്ടതിന് പിന്നാലെ പാര്‍ട്ടി വക്താവും ബിജെപിയിലെത്തി. നായിഡുവിന്‍റെ അടുപ്പക്കാരിലൊരാളായ ലങ്ക ദിനകറാണ് ഓപ്പറേഷന്‍ താമരയില്‍ വീണത്. ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദയാണ് ലങ്ക ദിനകറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ചന്ദ്രബാബു നായിഡുവിന് രാജിക്കത്ത് നല്‍കിയ ശേഷമാണ് അദ്ദേഹം ബിജെപി ഓഫീസിലെത്തിയത്.

ആന്ധ്രയില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ വൈ എസ് ചൗധരി, സി എം രമേശ്, ടി ജി വെങ്കിടേഷ്, തെലങ്കാനയില്‍നിന്നുള്ള രാജ്യസഭാംഗം ജി മോഹന്‍ റാവു എന്നിവരാണ് നേരത്തെ ബി ജെ പി യില്‍ ചേര്‍ന്നത്. ഭരണം നഷ്ടപ്പെട്ട ടിഡിപിയെ സംബന്ധിച്ചിടത്തോളം പുതിയ സംഭവവികാസങ്ങള്‍ വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്.

click me!