എന്‍ഡിഎ വിട്ടത് തിരിച്ചടിയായി, നഷ്ടങ്ങള്‍ മാത്രമെന്ന് ചന്ദ്രബാബു നായിഡു

By Web TeamFirst Published Oct 13, 2019, 8:00 PM IST
Highlights

എൻഡിഎയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു 

ഹൈദരാബാദ്: എൻഡിഎ വിട്ടത് തിരിച്ചടിയായെന്ന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ആന്ധ്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ടിഡിപി കേന്ദ്രസർക്കാരുമായും ബിജെപിയുമായും തെറ്റിയതെന്നും എന്നാൽ പാർട്ടിക്ക് ഇത്‌ നഷ്ടങ്ങൾ മാത്രമുണ്ടാക്കിയെന്നുമാണ് ചന്ദ്രബാബു നായിഡു പറയുന്നത് . എൻഡിഎയിൽ തുടർന്നിരുന്നെങ്കിൽ ചിത്രം വേറെ ആയേനെ എന്നും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു പറഞ്ഞു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി  എന്‍ഡിഎ വിട്ടത്. 

സംസ്ഥാന വിഭജന കാലത്തേ ആന്ധ്രക്ക് പ്രത്യേക പദവി നല്‍കുമെന്ന് പറ‌ഞ്ഞിരുന്നെങ്കിലും കേന്ദ്രം വാക്കുമാറിയതോട കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ടിഡിപി എന്‍ഡിഎ  വിടുകയായിരുന്നു. രാഷ്ട്രീയപരമായി സഹകരിച്ചെങ്കിലും ബിജെപിയുടെയും എന്‍ഡിഎയുടെയും ആദര്‍ശങ്ങളില്‍ തുടക്കകാലം മുതല്‍ക്കേ ഭിന്നിപ്പുണ്ടായിരുന്നെന്നാണ് എന്‍ഡിഎ വിട്ടതിന് പിന്നാലെ ചന്ദ്രബാബു നായിഡു പറഞ്ഞത്. കൂടാതെ ആര് പ്രധാനമന്ത്രിയായാലും അത് നരേന്ദ്ര മോദിയെക്കാളും നല്ലതായിരിക്കുമെന്നും അന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. 

എന്നാല്‍ എന്‍ഡിഎ വിട്ടതോടെ ചന്ദ്രബാബുവിന് തിരിച്ചടികളുടെ കാലമായിരുന്നു. എന്‍ഡിഎ വിട്ട് മോദിക്കെതിരെ ദേശീയ തലത്തില്‍ നീക്കങ്ങള്‍ നടത്തിവരുന്നതിനിടെയായിരുന്നു ആന്ധ്രയിലെ അപ്രതീക്ഷിത തോല്‍വി.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമായിരുന്നു ചന്ദ്രബാബുവിന്‍റെ ടിഡിപി ഏറ്റുവാങ്ങിയത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളിൽ 22ലും ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. 

click me!