ഇനി നായിഡുവിന്‍റെ കാലം; ജഗനോട് എണ്ണിയെണ്ണി കണക്കുചോദിക്കാൻ ഒരുക്കം, തുടക്കം റുഷിക്കോണ്ട കൊട്ടാരത്തിൽ നിന്ന്

Published : Jun 21, 2024, 08:46 AM ISTUpdated : Jun 21, 2024, 12:32 PM IST
ഇനി നായിഡുവിന്‍റെ കാലം; ജഗനോട് എണ്ണിയെണ്ണി കണക്കുചോദിക്കാൻ ഒരുക്കം, തുടക്കം റുഷിക്കോണ്ട കൊട്ടാരത്തിൽ നിന്ന്

Synopsis

ജഗന്റെ സകല പ്രതീക്ഷകളും ഞെട്ടിച്ച് നായിഡു അധികാരം പിടിച്ചതോടെ ഇനി ജഗന് വരാന്‍ പോകുന്ന കുരുക്കുകളുടെ തുടക്കം റുഷിക്കോണ്ട ഹില്‍ പാലസില്‍ നിന്നാണെന്ന് ഉറപ്പായി. ടിഡിപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു സംഘം കൊട്ടാരത്തിനുള്ളില്‍ കയറിയപ്പോഴാണ് അവിടെ ഒരുക്കിയ അത്യാഡംബര കാഴ്ചകള്‍ പുറത്തുവന്നത്

അമരാവതി: ജയലളിത - കരുണാനിധി കാലത്തെ ഓര്‍മപ്പെടുത്തും ആന്ധ്ര പ്രദേശിലെ ജഗന്‍ - നായിഡു പോര്. അധികാരം കിട്ടുമ്പോഴെല്ലാം പരസ്പരം പ്രതികാരം വീട്ടുകയാണ് പതിവ്. ഇപ്പോഴിതാ ജഗനുള്ള നായിഡുവിന്റെ പുതിയ കുരുക്കിലെ ആദ്യ കെട്ടായി മാറുകയാണ് റുഷിക്കോണ്ട ഹില്‍ പാലസ്.

500 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചതാണ് ആന്ധ്ര പ്രദേശിലെ റുഷിക്കോണ്ട ഹില്‍ പാലസ്. അത്യാഡംബരത്തിന്‍റെ കാഴ്ചകള്‍ നിറയുന്ന അതിമനോഹര കൊട്ടാരം. 9.88 ഏക്കറില്‍ കടലിനഭിമുഖമായി റുഷിക്കൊണ്ട കുന്നുകള്‍ക്ക് മുകളിലാണ് ഹില്‍ പാലസ് പണിഞ്ഞിരിക്കുന്നത്. 40 ലക്ഷം രൂപ വില വരുന്ന ബാത്ത് ടബ്, 12 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ക്ലോസെറ്റ് സെറ്റ് അടക്കമുള്ള ആഡംബര ശുചിമുറികള്‍. ഇങ്ങനെ നീളും റുഷിക്കോണ്ട ഹില്‍ പാലസിന്‍റെ വിശേഷങ്ങള്‍.

ജനത്തിന്‍റെ നികുതിപ്പണമെടുത്ത് ജഗന്‍ മോഹന്‍ റെഡ്ഡി പണി കഴിപ്പിച്ചതാണ് ഈ കൊട്ടാരം. ഭരണത്തുടര്‍ച്ച നേടിയ ശേഷം വലിയ മാമാങ്കമായി ഉദ്ഘാടനം നടത്താനായിരുന്നു ജഗന്റെ പദ്ധതി. അതുവരെ ഈ കൊട്ടാരത്തിന്റെ വിശേഷങ്ങളോ ചെലവോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. അമരാവതിയില്‍ തലസ്ഥാനമെന്ന നായിഡുവിന്റെ സ്വപ്നം പൊളിച്ച് വിശാഖപട്ടണം തലസ്ഥാനമാക്കാനും ഭരണത്തുടര്‍ച്ച നേടിയാല്‍ സകല ആഡംബരങ്ങളോടെയും ഭരിക്കാനുമായി ജഗന്‍ രഹസ്യമായി ഒരുക്കിയ സങ്കേതമാണിതെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ജഗന്റെ സകല പ്രതീക്ഷകളും ഞെട്ടിച്ച് നായിഡു അധികാരം പിടിച്ചതോടെ ഇനി ജഗന് വരാന്‍ പോകുന്ന കുരുക്കുകളുടെ തുടക്കം ഈ റുഷിക്കോണ്ട ഹില്‍ പാലസില്‍ നിന്നാണെന്ന് ഉറപ്പായി.

ശ്രീലങ്കയില്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലേക്ക് ജനം ഇരച്ചുകയറിയ പോലെ ടിഡിപി എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു സംഘം കൊട്ടാരത്തിനുള്ളില്‍ കയറിയപ്പോഴാണ് അവിടെ ഒരുക്കിയ അത്യാംഡംബര കാഴ്ചകള്‍ പുറത്തുവന്നത്. 12 ലക്ഷം കോടി കടത്തിലുള്ള സംസ്ഥാനത്താണ് ഈ സര്‍ക്കാര്‍ നിര്‍മിതി എന്ന് കൂടി വായിച്ചെടുക്കണം. നായിഡുവിന്റെ താൽക്കാലിക വസതിക്കടുത്ത് ജനങ്ങളുമായി കൂടിക്കാഴ്ചക്കു വേണ്ടി 9 കോടി രൂപ ചെലവിൽ പണിത പ്രജാവേദിക, ജഗന്‍ അധികാരത്തില്‍ വന്നപ്പോള്‍ പൊളിച്ചടുക്കിയിരുന്നു. ടിഡിപിക്കാരെ വിടാതെ വേട്ടയാടി. ഒടുവില്‍ നായിഡുവിനെ പോലും ജയിലിലാക്കി. മുഖ്യമന്ത്രിയായിട്ടേ ഇനി സഭയിലേക്ക് ഉള്ളൂ എന്ന് ശപഥം ചെയ്ത നായിഡുവിനൊപ്പമായിരുന്നു ജനം. ഇനി നായിഡുവിന്റെ കാലമാണ്. കേന്ദ്രത്തിനും നായിഡു അത്രമേല്‍ പ്രിയപ്പെട്ടവന്‍. ജഗനോട് എണ്ണിയെണ്ണി കണക്കുചോദിക്കാനുള്ള ഒരുക്കത്തിന്റെ തുടക്കം കൂടിയാവുകയാണ് റുഷിക്കോണ്ട കൊട്ടാരം.

മരുന്നുകളും ടെസ്റ്റുകളും സൗജന്യം; സാധാരണക്കാർക്ക് ആശ്വാസമായി ദില്ലിയിലെ മൊഹല്ല ക്ലിനിക്കുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ