
ചന്ദ്രയാൻ-3 മിഷന്റെ വിക്രം ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുമ്പോൾ, അത് മനുഷ്യരാശിയെ പ്രചോദിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. വരും വർഷങ്ങളിൽ, ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സാങ്കേതിക-സാമ്പത്തിക ശക്തിയെ തന്നെ നിർണയിക്കുന്ന സ്വാധീനമായി തന്നെ ചന്ദ്രയാൻ മാറും. ഇന്ത്യയുടെ ചാന്ദ്രയാത്രയുടെ അവസാന ഘട്ടമായ സോഫ്റ്റ് ലാൻഡിങ് കൂടി പൂർത്തിയാക്കിയതോടെ ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. എന്നാൽ ഏറ്റവും കുറഞ്ഞ ചെലവിൽ സാധ്യമാക്കുന്നു എന്നതാണ് ശ്രദ്ധേയം.
ചന്ദ്രയാനിൽ ഉള്ള ലോകത്തിന്റെ പ്രതീക്ഷകൾ അറിയാൻ സ്‌പേസ് ടെക്‌നോളജിയിലെ ആഗോള ഭീമൻ, സ്‌പേസ് എക്‌സിന്റെ ഉടമ എലോൺ മസ്‌കിന്റെ വാക്കുകളേക്കാൾ കൂടുതൽ ഒന്നും വേണ്ട. 'ഇന്റർസ്റ്റെല്ലാർ' എന്ന ഹോളിവുഡ് സിനിമയുടെ ചെലവിനേക്കാൾ കുറവാണ് ഈ ചന്ദ്രയന്റെ ആകെ ചെലവെന്നായിരുന്നു ചന്ദ്രയാൻ ദൌത്യത്തെ കുറിച്ച് മസ്ക് പറഞ്ഞത്. ഇതിനെല്ലാം പുറമെ ദക്ഷിണ ചന്ദ്രധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായും ഇന്ത്യ മാറി. ഈ നേട്ടവും ചെറുതല്ല. വിവിധ ആഗോള ഏജൻസികളുമായി ഭാവിയിൽ ഇന്ത്യയുടെ ബഹിരാകാശ ഏജൻസിക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹകരണത്തിന് വഴി തുറക്കുന്നതാണിത്. ഇതിലൂടെ ഭാവി ദൗത്യങ്ങളുടെ പര്യവേക്ഷണവും, ഗവേഷണവും വികസനത്തിനും ഉൽപ്പാദനവും അടക്കമുള്ളവയക്ക് അവസരങ്ങൾ തുറക്കപ്പെടും.
ഈ നേട്ടത്തോടെ, വികസിത രാജ്യങ്ങൾക്ക് മാത്രം കാര്യക്ഷമമായി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന, സാമ്പത്തിക വിഭവങ്ങളുടെ കൃത്യമായി വിന്യാസം, ഏറ്റവും കുറഞ്ഞ ചെലവിലുള്ള സാങ്കേതിക വിന്യാസം, ഇൻഹൌസ് ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ ഇന്ത്യ കരുത്ത് തെളിയിച്ചുകഴിഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തിൽ നിക്ഷേപം നടത്താനുള്ള തീരുമാനം ഇന്ത്യയെ പോലുള്ള വികസ രാഷ്ട്രത്തിന് ഇന്ന് ന്യായീകരിക്കാൻ സാധിക്കും. സാമ്പത്തിക വിഭവങ്ങൾ കുറവാണെങ്കിലും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ മുൻഗണനകൾ പുനർനിർവചിക്കപ്പെടുന്നു. പ്രതിരോധ, ബഹിരാകാശ വ്യവസായങ്ങളിലെ സാങ്കേതിക കണ്ടുപിടിത്തങ്ങൾ പിന്നീട് മറ്റ് മേഖലകളിൽ സാമാന്യമായി ഉപയോഗിക്കുന്നതും, അത് ദീർഘകാല സ്വാധീനം സൃഷ്ടിക്കുന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.
വിഖ്യാത ശാസ്ത്രജ്ഞനും ഇന്ത്യയുടെ മുൻ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിനോട് മനുഷ്യരാശി കടപ്പെട്ടിരിക്കുന്നു. പോളിയോ ബാധിതർക്കായുള്ള കാലിപ്പറുകൾ നാല് കിലോയിൽ നിന്ന് 400 ഗ്രാം വരെ ഭാരം കുറയ്ക്കാൻ പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലകളിൽ ഉപയോഗിക്കുന്ന സാമഗ്രികൾ ഉപയോഗിച്ച് അദ്ദേഹം രൂപകൽപ്പന ചെയ്‌തു. അതുപോലെ ഹൃദ്രോഗികൾക്ക് ലഭ്യമായതിന്റെ 10 ശതമാനം ചെലവിൽ സ്റ്റെന്റുകളും ഇത്തരത്തിൽ അദ്ദേഹം രൂപകൽപ്പന ചെയ്തു.
ആഗോളതാപനം, ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ, രോഗനിയന്ത്രണവും ചികിത്സയും, ദാരിദ്ര്യ നിർമാർജനം, സാമ്പത്തിക എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിൽ ലോകം നേരിടുന്ന വലിയ വെല്ലുവിളികൾക്ക് ആഗോള സമൂഹം പരിഹാരം തേടുന്ന പ്രശ്നങ്ങളിൽ, ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സങ്കീർണ്ണമായ എഞ്ചിനീയറിംഗ് രൂപകൽപ്പനകൾ എന്നിവയുടെ ചെലവുകുറഞ്ഞ നിർമാണ നിർവഹണം വലിയ ചുവടുവയ്പ്പാകും. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കും ഇത് വഴിത്തിരിവായേക്കും. ഏറ്റവും കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാൻ കഴിയുന്ന വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയെ പ്രയോജനപ്പെടുത്താൻ ഇന്ത്യയിൽ യൂണിറ്റ് സ്ഥാപിക്കാൻ ലോകമെമ്പാടുമുള്ള പ്രമുഖ ഉൽപ്പാദന യൂണിറ്റുകൾ പ്രേരണയാകുന്നതാണ് ചന്ദ്രയാന്റെ വിജയം.
Read more: ലൈവ് സ്ട്രീമിങിൽ ലോകറെക്കോർഡ് തീർത്ത് ചന്ദ്രയാൻ 3; ലാൻഡിങ് തത്സമയം കണ്ടത് 5.6 മില്യൻ പേർ!
ഇത്തരത്തിൽ ലോകമെമ്പാടുമുള്ള ഏജൻസികൾ വിവിധ മേഖലകളിലെ സാമ്പത്തിക സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്ത്യൻ മാതൃകകൾ തേടുന്നതോടെ സേവന വ്യവസായം ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചേക്കാം. മൊത്തത്തിൽ, ഈ നിമിഷം വിശ്വഗുരുവാകാനുള്ള ഇന്ത്യയുടെ പാതയിലെ ഒരു മാറ്റത്തിന്റെ നാഴികക്കല്ലാണെന്ന് പറയാം. ഈ വിജയകരമായ ദൗത്യം രണ്ട് കാര്യങ്ങൾ ഉറപ്പായും സമ്മാനിക്കും. ഒന്ന്, ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങളിൽ ഇന്ത്യക്കാരിലുള്ള ആത്മവിശ്വാസം വളർത്തും എന്നതാണ്. രണ്ട്, ആഗോള സമൂഹത്തിൽ നിന്നുള്ള ഈ അംഗീകാരത്തിലൂടെ ഇന്ത്യയും ഇന്ത്യക്കാരും ഒരിക്കലും അവഗണിക്കപ്പെടില്ലെന്നതും.
ബാർക്ലേയ്സ് ഇൻഡിപെൻഡൻഡ് വലിഡേഷൻ യൂണിറ്റ് വൈസ് പ്രസിഡന്റാണ് ലേഖകൻ- കാഴ്ചപ്പാടുകൾ വ്യക്തിപരം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam