
ലുധിയാന : പഞ്ചാബിൽ (Punjab Election) ചരൺജിത്ത് സിങ് ഛന്നി (Charanjith singh Channi) കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ലുധിയാനയിൽ നടന്ന വിർച്വൽ റാലിയിൽ വച്ച് രാഹുൽ ഗാന്ധിയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഛന്നിയും നവ്‌ജ്യോത് സിങ് സിദ്ദുവും പങ്കെടുത്ത പരിപാടിയിൽ വെച്ചാണ് പ്രഖ്യാപനം.
ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നാണ് രാഹുൽ പ്രഖ്യാപന വേളയിൽ പറഞ്ഞത്. നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. മുഖ്യമന്ത്രി ആരാകണമെന്നതിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടി. പഞ്ചാബിലെ ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് തന്ന അവസരങ്ങളിലെല്ലാം സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും നവ്ജോത് സിംഗ് സിദ്ദുവിനെയും ജാക്കറിനെയും പോലുള്ള നേതാക്കൾ പഞ്ചാബ് കോൺഗ്രസിന്റെ അനുഗ്രഹമാണെന്നും ഛന്നി പ്രതികരിച്ചു. കാർഷിക നിയമത്തിനെതിരായ സമരത്തിൽ 700 കർഷകർ മരിക്കാൻ കാരണം ബിജെപിയും അകാലിദളും ആം ആദ്മി പാർട്ടിയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സിദ്ദുവും ചരടുവലികൾ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാൻഡ് പിന്തുണയോടെ ഛന്നി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. സാധാരണയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാറില്ല. എന്നാല്‍ പഞ്ചാബില്‍ നേതൃതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതി അവലംബിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കിയാണ് ചന്നിയെ തെരഞ്ഞെടുത്തതെന്നാണ് വിശദീകരണം.
നേരത്തെ നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി പിസിസി പ്രസിഡന്റ് കൂടിയായ സിദ്ദു രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്ക് അവരുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബല മുഖ്യമന്ത്രിയെയാണ് വേണ്ടതെന്നായിരുന്നു പ്രതികരണം. ഈ എതിർപ്പുകളെയെല്ലാം മാറ്റി നിർത്തിയാണ് സിദ്ദു രാഹുലിനൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam