
കൊൽക്കത്ത: കൊൽക്കത്തയിലെ സ്വകാര്യ ഹോട്ടലിൽ മുറിക്കകത്ത് ചാർട്ടേഡ് അക്കൗണ്ടൻ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കൊല്ലപ്പെട്ട സിഎ ആദർശ് ലൊസാൽക ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ലിവ് ഇൻ പങ്കാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പപറയുന്നു. ആദർശ് 20000 രൂപ നൽകാൻ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 33 കാരനായ ആദർശിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ കോമൾ സാഹയും ധ്രുബ മിത്രയുമാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടത്. 2000 രൂപ പ്രതിഫലം പറഞ്ഞുറപ്പിച്ചാണ് ലിവ് ഇൻ പങ്കാളികൾ ആദർശിനെ കാണാൻ ഹോട്ടലിലെത്തിയത്. പ്രതികളുടെ മൊഴി പ്രകാരം ആദർശാണ് ഹോട്ടലിൽ രണ്ട് മുറി ബുക്ക് ചെയ്തത്. ഒന്ന് പ്രതികളുടെ പേരിലും ഒന്ന് ആദർശിൻ്റെ പേരിലുമായിരുന്നു. മുറിയിലെത്തിയ ശേഷം ആദർശ് ഓൺലൈനായി ബിയർ ഓർഡർ ചെയ്തു. ഇത് ഹോട്ടൽ ജീവനക്കാരൻ മുറിയിലെത്തിച്ചു. മുറിയിൽ നിന്ന് പിന്നീട് പുറത്തുപോയ ആദർശ് ചിപ്സും മറ്റും വാങ്ങി തിരികെ വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പിന്നീട് ഹോട്ടലിലെ കോറിഡോറിൽ പ്രതികൾ ദീർഘനേരം സംസാരിച്ചുനിൽക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കോമൾ പിന്നീട് ആദർശിൻ്റെ മുറിയിലേക്ക് പോയി. ആദർശ് നന്നായി മദ്യപിച്ചിരുന്നു. ഇതിന് ശേഷം ഇയാൾ മയങ്ങി. ഈ സമയത്ത് കോമൾ ധ്രുബയെ മുറിയിലേക്ക് വിളിപ്പിച്ചു. ഇരുവരും മുറിയിൽ പണം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ആകെ ആദർശിൻ്റെ പഴ്സിലുണ്ടായിരുന്ന പണമാണ് ഇവർക്ക് കിട്ടിയത്. ആദർശ് ഉണർന്നപ്പോൾ ഇരുവരും ചേർന്ന് ഇയാളോട് 20000 രൂപ ഓൺലൈനായി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാനോ തൻ്റെ യുപിഐ പിൻ പറയാനോ ആദർശ് തയ്യാറായില്ല.
ഇതോടെ തർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങി. ആദർശിൻ്റെ കാൽ മുറിയിലുണ്ടായിരുന്ന ടവൽ ഉപയോഗിച്ച് കെട്ടിയ ശേഷം കിടക്കവിരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പിന്നീട് പ്രതികൾ ഹോട്ടലിലെ കോറിഡോറിലൂടെ ഓടിപ്പോകുന്നത് ദൃശ്യങ്ങളിലുണ്ട്. നേരെ തങ്ങളുടെ മുറിയിൽ പോയ പ്രതികൾ, ബാഗുമെടുത്ത് ഹോട്ടൽ വിട്ട് പോവുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam