'വീട്ടിലിരുന്ന് മടുത്തു; അതുകൊണ്ട് യാത്ര ചെയ്യാൻ തീരുമാനിച്ചു'; ലോക്ക് ഡൗൺ ലംഘിച്ച് ഛത്തീസ്‌‌ഗഢ് മന്ത്രി

By Web TeamFirst Published Apr 20, 2020, 11:29 AM IST
Highlights

ലോക്ക് ഡൗൺ ലംഘിച്ച്  250 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് റായ്​ഗണ്ഡിലെ ഒരു സന്യാസിയെ കാണാനാണ് ലഖ്മ പോയത്. 

റായ്പൂര്‍: ലോക്ക് ഡൌണ്‍ ലംഘിച്ച് 250 കിലോമീറ്റര്‍ യാത്ര ചെയ്ത് ഛത്തീസ്‌‌ഗഢ് എക്സൈസ് മന്ത്രി കവാസി ലഖ്മ. വീട്ടിലിരുന്ന് മടുത്തത് കൊണ്ട് യാത്ര ചെയ്തതാണെന്നാണ് അദ്ദേഹത്തിന്‍റെ ന്യായീകരണം. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശനമായ യാത്രാ നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മെയ് മൂന്ന് വരെ രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് സര്‍ക്കാര്‍ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ആ അവസരത്തിലാണ് ലോക്ക് ഡൗൺ നിയമങ്ങളെല്ലാം കാറ്റിൽപറത്തി മന്ത്രിയുടെ യാത്ര. ലോക്ക് ഡൗൺ ലംഘിച്ച് 250 കിലോമീറ്റർ ദൂരം യാത്ര ചെയ്ത് റായ്​ഗണ്ഡിലെ ഒരു സന്യാസിയെ കാണാനാണ് ലഖ്മ പോയത്. 

സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്നും അകമ്പടിയോടെയായിരുന്നു ലഖ്മയുടെ യാത്ര. 'വീട്ടിലിരുന്ന് മടുത്തു' എന്നായിരുന്നു ഇദ്ദേഹത്തിന്റെ വിചിത്രമായ ന്യായീകരണം. 'റായ്പൂരിലെ വീട്ടിലിരുന്ന് എനിക്ക് മടുത്തു. അതുകൊണ്ട് ഞാൻ റായ്​ഗണ്ഡിലെത്തി മഹാത്മ ജിയെ കണ്ടു.' ലഖ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ മുഖ്യ ലക്ഷ്യം എന്നും ലഖ്മ കൂട്ടിച്ചേർത്തു. 'ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. ലോക്ക് ഡൗൺ നീക്കാൻ ജില്ലകൾ അഭ്യർത്ഥിച്ചാൽ അത് നടപ്പിലാക്കും. സംസ്ഥാനം കൊറോണ വൈറസിന്റെ പിടിയിലാണ്. ഡോക്ടർമാരും അധികൃതരും സാധാരണക്കാരുമുൾപ്പെടെയുള്ളവർ കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിലാണ്.' ലഖ്മ പറഞ്ഞു. ഏപ്രിൽ 14 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. 


 

click me!