
ചെന്നൈ: ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ചെന്നൈയിലെ ആദ്യ വനിതാ മാർഷലിന് സ്ഥലം മാറ്റം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിക്കാണ് ലിപ്സ്റ്റിക്കിലെ നിറം ജോലിക്കിടയിൽ പണി നൽകിയത്. മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. കഴിഞ്ഞ മാസം ജോലിക്കിടെ ലിപ്സ്റ്റിക്ക് അണിയരുതെന്ന് മാധവിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മാധവി ഇത് അനുസരിച്ചിരുന്നില്ല.
അൻപതുകാരിയായ മാധവിക്ക് മേയർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റ് ശിവ ശങ്കറിൽ നിന്ന് ചോദ്യം നേരിട്ടതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്. ഓഗസ്റ്റ് ആറിന് ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നൽകിയതിന് പിന്നാലെയാണ് സ്ഥലം മാറ്റമെന്നതാണ് ശ്രദ്ധേയം. ലിപ്സ്റ്റിക്ക് ധരിക്കരുതെന്ന് നിങ്ങൾ പറയുന്നു. ഇതൊരു കുറ്റകൃത്യമാണെങ്കിൽ ലിപ്സ്റ്റിക് ധരിക്കരുതെന്ന് വിശദമാക്കുന്ന സർക്കാർ ഉത്തരവ് കാണിക്കൂവെന്നായിരുന്നു മാധവി മെമ്മോയ്ക്ക് മറുപടി നൽകിയത്. ഇത്തരം നിർദ്ദേശങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് മാധവി മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊഴിൽ സമയത്ത് ജോലിക്ക് വരാതിരിക്കുന്നതോ ആയ തെറ്റുകൾ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മാധവി വിശദമാക്കുന്നു.
കോർപ്പറേഷനിലെ മണലി സോണിലേക്കാണ് മാധവിയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഈ പോസ്റ്റിൽ ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. എന്നാൽ വനിതാ ദിനത്തിൽ വനിതാ ദഫേദാർ ഫാഷൻ ഷോയിൽ പങ്കെടുത്തത് ഏറെ വിമർശനത്തിന് വഴി തെളിച്ചിരുന്നുവെന്നാണ് ഡിഎംകെ പ്രവർത്തകയായ മേയർ പ്രിയ വിശദമാക്കുന്നത്. ഇത് മാധവിയോട് വിശദമാക്കിയിരുന്നുവെന്നും എംബസിയിൽ നിന്ന് അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥിരം എത്തുന്ന ഓഫീസ് ആയതിനാൽ ഇത്തരം കടുംനിറത്തിലെ കളറുകളുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന് പി എ ആവശ്യപ്പെട്ടതായും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam