
ചെന്നൈ: ജലക്ഷാമം രൂക്ഷമായതോടെ തമിഴ്നാട്ടിലെ ജനപ്രിയ പദ്ധതികളായ അമ്മ ഉണവകവും അമ്മ കുടിനീരും പ്രതിസന്ധിയിലാണ്. ആളുകള്‍ക്ക് സൗജന്യമായി വെള്ളം ലഭിച്ചിരുന്ന അമ്മ കുടിനീര്‍ പ്ലാന്‍റുകള്‍ ഭൂരിഭാഗവും തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി. മൂന്ന് നേരവും ഭക്ഷണം വിളമ്പിയിരുന്ന അമ്മ ക്യാന്‍റീനുകള്‍ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കി.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സ്വപ്ന പദ്ധതികളും വരള്‍ച്ചയില്‍ വലയുകയാണ്. നിസാര വിലയ്ക്ക് മൂന്ന് നേരവും ഭക്ഷണം വിളമ്പിയിരുന്ന അമ്മ ഉണവകങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ തുറക്കുന്നത് ഉച്ചയ്ക്ക് ശേഷം മാത്രമാണ്. കരാര്‍ അടിസ്ഥാനത്തില്‍ സത്രീകളുടെ കൂട്ടായ്മയാണ് ഭൂരിഭാഗം ഉണവകത്തിന്‍റെയും നടത്തിപ്പുകാര്‍.
പാചകത്തിനും പാത്രം കഴുകുന്നതിനും പോലും വെള്ളമില്ലാത്ത സ്ഥിതി. ഭക്ഷണ വിഭവങ്ങളും പരിമിതപ്പെടുത്തി. ചെന്നൈ നഗരത്തിന്‍റെ ദാഹം അകറ്റിയിരുന്ന അമ്മ കുടിനീര്‍ പദ്ധതിയും പ്രതിസന്ധിയിലാണ്. സൗജന്യമായി വെള്ളം നല്‍കിയിരുന്ന അമ്മ കുടിനീര്‍ പ്ലാന്‍റുകള്‍ നഗരത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
ചെന്നൈയുടെ വിവിധ ഇടങ്ങളില്‍ നൂറോളം അമ്മ കുടിനീര്‍ ഔട്ട്‍ലറ്റുകളാണുള്ളത്. ആര്‍ക്കും ശുദ്ധമായ കുടിവെള്ളം സൗജന്യം. ഒരു കുടുംബത്തിന് ഇരുപത് ലിറ്റര്‍ വെള്ളം വരെ നല്‍കിയിരുന്ന കുടിനീര്‍ പ്ലാന്‍റുകള്‍ പലതും പൂട്ടി.
വരള്‍ച്ചയുടെ കാഠിന്യം നഗര ജീവിതത്തെ ആകെ നിശ്ചലമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായി പെയ്തകന്ന മഴ ശരിക്കൊന്ന് എത്തിയാല്‍ പ്രശ്നപരിഹാരമാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam